ബാലപീഡനം നടത്തുന്നവരെ തൂക്കിക്കൊല്ലുകയല്ല വേണ്ടതെന്നും അവരുടെ മാനസികനില പരിശോധിച്ച് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരികയാണ് വേണ്ടതെന്നും എഴുത്തുകാരിയും അദ്ധ്യാപികയുമായ ശാരദക്കുട്ടി ടീച്ചര്‍. വധശിക്ഷ ആള്‍ക്കൂട്ട മനസിനെ തൃപ്തിപ്പെടുത്തുന്ന ഒരു പാഴ്‌വേല മാത്രമാണ്. ഒരിക്കലും അതിനോട് യോജിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.
പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ പ്രതികൾക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് രാഷ്ട്രപതി അനുമതി നല്‍കിയ വാര്‍ത്തയോട് ഫേസ്ബൂക്കിലൂടെ പ്രതികരിക്കുകയായിരുന്നു.
ശാരദകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ബാലപീഡനം നടത്തുന്ന കുറ്റവാളികളെ തൂക്കിക്കൊല്ലുകയല്ല വേണ്ടത്.
ജയിലുകളിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ശിക്ഷയിൽ കഴിയുന്നവരെ ചെന്നു കണ്ട്, ഒറ്റക്കും കൂട്ടമായും സംസാരിച്ച് അവരുടെ മാനസിക നില പരിശോധിച്ച് അവരെ ഈയവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിശോധിച്ച് ആ സാഹചര്യങ്ങൾ ഇല്ലാതാക്കാനുള്ള ദീർഘകാല പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടത്. അതിന് സർക്കാർ മുൻകയ്യെടുത്ത് വിദഗ്ദ്ധ പാനൽ രൂപീകരിക്കണം. മാനുഷിക പരിഗണനയോടെ കുറ്റവാളികളെ സമീപിക്കാനും ആരോഗ്യകരമായി അവരുമായി ഇടപെടാനും ചിന്തിക്കാനും യുക്തിപരമായി പ്രവർത്തിക്കാനും കഴിയുന്നവരുടെ പാനലായിരിക്കണം. ദീർഘകാല പദ്ധതികളിലൂടെ മാത്രമേ സാമൂഹികമായ മനോരോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കാനാകൂ.
ദാരിദ്ര്യം, അജ്ഞത, വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപഭോഗം, മടുപ്പിക്കുന്ന മറ്റു ജീവിതാവസ്ഥകൾ ,അരാജകമായിരുന്ന ബാല്യകാല ജീവിതം ഇതെല്ലാം കുറ്റവാസനകളുടെ അടിസ്ഥാന കാരണങ്ങളിൽപ്പെടാം.
വധശിക്ഷ ആൾക്കൂട്ട മനസ്സിനെ തൃപ്തിപ്പെടുത്തുന്ന ഒരു വ്യർഥ നടപടി മാത്രമാണ്. ഒരിക്കലും അതിനോടു യോജിക്കാനാവില്ല.
തെരുവുനായകൾ ഉണ്ടാകുന്നത് പോലെ തന്നെ, പരിസരം മലിനമാകുമ്പോഴാണ് എല്ലാ അരാജകത്വവും വർധിക്കുന്നത്. നായയെ കൊല്ലുകയല്ല പരിഹാരം, പരിസരം മാലിന്യ മുക്തമാക്കുകയാണ്. ദീർഘകാല പദ്ധതികൾ ആണ് എല്ലാത്തരം പരിവർത്തനത്തിനും ഉചിതമായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.