ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പേരിൽ ലോകായുക്ത പോലീസ് കേസെടുത്തു.
74.93 കോടിയുടെ അനധികൃത സ്വത്തുസമ്പാദന കേസ് സി.ബി.ഐ.ക്ക് വിട്ട ബി.ജെ.പി. സർക്കാരിന്റെ ഉത്തരവ് കോൺഗ്രസ് സർക്കാർ പിൻവലിച്ചശേഷം ഒരു മാസംമുമ്പ് കേസ് ലോകായുക്തയെ ഏൽപ്പിച്ചിരുന്നു.
ഇതിനെതിരേ സി.ബി.ഐ. നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേയാണ് ലോകായുക്ത കേസെടുത്തത്.
സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് കേസെടുത്തതെന്നും നിയന്ത്രണങ്ങളൊന്നും ഹൈക്കോടതി മുന്നോട്ടുവെച്ചിട്ടില്ലാത്തതിനാൽ ലോകായുക്ത അന്വേഷണം നടത്തുന്നതിന് തടസ്സമില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
എങ്കിലും ഔദ്യോഗികമായി കോടതി കേസ് ലോകായുക്തയെ ഏൽപ്പിച്ചെങ്കിലേ പൂർണമായ അന്വേഷണം ആരംഭിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമപോരാട്ടം തുടരുമെന്ന് ശിവകുമാർ പ്രതികരിച്ചു. ഒരു തെറ്റും ചെയ്തിട്ടില്ല.
എനിക്കെതിരേയുള്ള കേസ് സി.ബി.ഐ.ക്ക് വിടേണ്ടതില്ലെന്ന് അന്നത്തെ അഡ്വക്കേറ്റ് ജനറൽ അറിയിച്ചതാണ്.
എന്നിട്ടും യെദ്യൂരപ്പ സർക്കാർ കേസ് സി.ബി.ഐ.ക്ക് നൽകി. കോൺഗ്രസ് സർക്കാർ ഈ ഉത്തരവ് പിൻവലിച്ച് കേസ് ലോകായുക്തയ്ക്ക് നൽകുകയായിരുന്നെന്നും ശിവകുമാർ പറഞ്ഞു.
സി.ബി.ഐ.ക്ക് വിട്ട ഉത്തരവ് പിൻവലിച്ചശേഷവും എന്റെ സ്ഥാപനങ്ങൾക്കും എന്നോടൊപ്പം ബിസിനസ് നടത്തുന്നവർക്കും സി.ബി.ഐ. നോട്ടീസ് അയക്കുന്നുണ്ടെന്നും അതിന്റെ കാരണം അറിയില്ലെന്നും ശിവകുമാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.