ബെംഗളൂരു: നഗരത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ 80 ശതമാനവും മലയാളികളാണെന്ന് പൊലീസ്. ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലേക്ക് പോയ കേരളാ പോലീസ് സംഘത്തിനോടാണ് കർണാടക പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഞെട്ടിക്കുന്ന കണക്കുകൾ വെളിപ്പെടുത്തിയത്. മയക്കുമരുന്ന് കടത്ത് കേസുകളിൽ ഉൾപ്പെട്ട നിരവധി മലയാളികൾ നിലവിൽ ബെംഗളൂരുവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നുണ്ട്. യുവാക്കളിൽ പലരും 20 വയസ്സിൽ താഴെയുള്ളവരാണെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു.
ഈ വർഷം ഒക്ടോബർ വരെ തൃശൂർ സിറ്റി പൊലീസ് പിടികൂടിയ 409.67 ഗ്രാം എംഡിഎംഎ ബെംഗളൂരുവിൽ നിന്നാണ് കൊണ്ടുവന്നതെന്ന് കേരള പൊലീസ് പറഞ്ഞു. ഇതുകൂടാതെ ബെംഗളൂരുവിൽ ഒരു മലയാളിയിൽ നിന്ന് 300 ഗ്രാം എംഡിഎംഎ കൂടി പിടികൂടി. ഇതുവരെ പിടിയിലായ 35 പ്രതികൾക്കും ബെംഗളൂരുവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ട്.
ബെംഗളൂരുവിലെ സൈക്കോട്രോപിക് മരുന്നുകളുടെ ഉറവിടം ഡൽഹിയാണെന്നും പൊലീസ് കണ്ടെത്തി. ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാർ കോളനിയായി താമസിക്കുന്ന പ്രദേശം ഡൽഹിയിൽ മയക്കുമരുന്ന് കച്ചവടത്തിന്റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നു. അന്വേഷണത്തിനായി കേരള പോലീസ് ഇവിടെ എത്തിയെങ്കിലും സഹകരിക്കാൻ കൂട്ടാക്കാതെ വാതിലടച്ചു. ഇവരിൽ ഭൂരിഭാഗം പേരുടെയും കൈവശം പാസ്‌പോർട്ടോ വിസയോ ഇല്ലെന്നാണ് പോലീസ് പറയുന്നത്. യാത്രാരേഖകളില്ലാതെ അവർക്ക് ജോലിയൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനാൽ, അവർ മയക്കുമരുന്ന് കച്ചവടം പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
എം.ഡി.എം.എ ഉൾപ്പെടെയുള്ള സിന്തറ്റിക് ലഹരിമരുന്നുകൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ഡൽഹി സ്വദേശിയായ നൈജീരിയൻ യുവാവിനെ തൃശൂർ പൊലീസിന്റെ ആന്റി നാർക്കോട്ടിക് സ്ക്വാഡ് അറസ്റ്റ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.