നിങ്ങൾ വാങ്ങുന്ന സാധനങ്ങൾ ഇനി നിങ്ങളെക്കുറിച്ച് സംസാരിക്കും! ന​ഗരത്തിലെ വിപണി കീഴടക്കി പുതിയ ട്രെൻഡ് ഇതാ

ബെംഗളൂരു: കടകളിൽ നിന്ന് നേരിട്ട് വാങ്ങുന്ന സാധാരണ ഉൽപ്പന്നങ്ങളേക്കാൾ, സ്വന്തം വ്യക്തിത്വവും അഭിരുചിയും പ്രതിഫലിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ പ്രിയമേറുന്നു. കസ്റ്റമൈസ് ചെയ്ത സ്‌നീക്കറുകൾ, കൊത്തുപണികൾ ചെയ്ത ആഭരണങ്ങൾ, വ്യത്യസ്തമായ ഫോൺ കവറുകൾ, ലാപ്‌ടോപ്പ് ആക്‌സസറികൾ എന്നിവയാണ് ഇപ്പോൾ ഉപഭോക്താക്കളുടെ പ്രധാന ആകർഷണം. കേവലം വ്യത്യസ്തമായ ഒരു വസ്തു കൈവശം വെക്കുക എന്നതിലുപരി തങ്ങൾക്ക് ഇഷ്ടപ്പെട്ട നിറങ്ങളും സവിശേഷതകളും സന്ദേശങ്ങളും തിരഞ്ഞെടുക്കാൻ സാധിക്കുന്നു എന്നതാണ് പേഴ്‌സണലൈസ്ഡ് ഉൽപ്പന്നങ്ങളുടെ ജനപ്രീതി വർധിപ്പിക്കുന്നത്.

പേര് എഴുതിവെക്കുന്നതിലും അപ്പുറം പുതിയ മാറ്റങ്ങൾ മുൻപ് താക്കോൽ കൊളുത്തുകളിലോ ബാഗുകളിലോ പേര് എഴുതിവെക്കുന്നതിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പേഴ്‌സണലൈസേഷൻ രീതികളിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ വന്നിട്ടുള്ളത്. വിരലടയാളം പതിപ്പിച്ച കപ്പിൾ ബാൻഡുകൾ, ജനനമാസക്കല്ലുകൾ പതിപ്പിച്ച പെൻഡന്റുകൾ തുടങ്ങി നിരവധി ചോയ്‌സുകളാണ് ഉപഭോക്താക്കൾക്കായി വിപണിയിലുള്ളത്. വിപണിയിൽ ലഭ്യമായവയിൽ തൃപ്തിയടയുന്നതിന് പകരം, തങ്ങൾക്ക് ആവശ്യമായ നിറങ്ങളും ഡിസൈനുകളും നേരിട്ട് തിരഞ്ഞെടുക്കാൻ കഴിയുന്നത് പുതിയ അനുഭവമാണെന്ന് ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നു.

ഡിജിറ്റൽ ഗാഡ്‌ജറ്റുകളിലും പേഴ്‌സണലൈസേഷൻ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളിലും ഈ ട്രെൻഡ് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഫോൺ കേസുകൾ, ചാർമുകൾ, ലാപ്‌ടോപ്പ് സ്റ്റിക്കറുകൾ, സ്ലീവുകൾ എന്നിവയിൽ പ്രിയപ്പെട്ട വരികൾ, സംഗീത ശകലങ്ങൾ, ചിത്രങ്ങൾ എന്നിവ കൂട്ടിച്ചേർക്കാൻ ഇന്ന് സൗകര്യമുണ്ട്. ദിവസവും കാണുന്ന ഫോണിലും ലാപ്‌ടോപ്പിലും തങ്ങൾക്ക് പ്രിയപ്പെട്ട ടിവി ഷോകളിലെ വരികളോ പാട്ടുകളോ ഉൾപ്പെടുത്തുന്നത് വ്യക്തിത്വത്തിന്റെ അടയാളപ്പെടുത്തലായി ഉപഭോക്താക്കൾ കാണുന്നു.

ഓർമ്മകൾ കാത്തുവെക്കാൻ സമ്മാനങ്ങൾ നിർമ്മിത ഉൽപ്പന്നങ്ങളുടെ ഭംഗിക്കപ്പുറം അവ നൽകുന്ന വൈകാരികമായ ബന്ധമാണ് പേഴ്‌സണലൈസ്ഡ് ഗിഫ്റ്റുകളുടെ മൂല്യം കൂട്ടുന്നത്. പ്രിയപ്പെട്ട ഓർമ്മകൾ നിറഞ്ഞ ഫോട്ടോ ബുക്കുകൾ, പേര് കൊത്തിയ പേനകൾ, ബാഗ് ചാർമുകൾ എന്നിവ ഒരു വ്യക്തിയെയോ സ്ഥലത്തെയോ പ്രത്യേക നിമിഷത്തെയോ ഓർമ്മിപ്പിക്കുന്ന സ്മരണികകളായി മാറുന്നു. ഒരു സമ്മാനത്തിന് പിന്നിൽ ഒരു കഥയുണ്ടാകുമ്പോൾ അതിന് ആളുകൾ നൽകുന്ന മൂല്യം വ്യത്യസ്തമാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.

കോർപ്പറേറ്റ് തലത്തിലും വർധിക്കുന്ന ജനപ്രീതി ബ്രാൻഡുകളെ സംബന്ധിച്ചിടത്തോളം കേവലം ഉപഭോക്താവിന്റെ പേര് പതിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല പുതിയ പേഴ്‌സണലൈസേഷൻ രീതികൾ. കോർപ്പറേറ്റ് കമ്പനികൾ തങ്ങളുടെ ബ്രാൻഡിംഗിനായി വലിയ തോതിൽ ഈ രീതി ഉപയോഗപ്പെടുത്തുന്നുണ്ട്. വനിതാ ശാക്തീകരണം, ഉൽപ്പന്ന നിർമ്മാതാക്കളുടെ കഥകൾ എന്നിവ ഉൾപ്പെടുത്തിയുള്ള പ്രത്യേക പാക്കേജിംഗുകൾക്കും മെസ്സേജ് കാർഡുകൾക്കും ഇന്ന് വൻ ആവശ്യക്കാരാണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts