ഫോളോ ചെയ്തു, ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടു; വിസമ്മതിച്ചതോടെ അതിവേഗത്തിലെത്തി ഇടിച്ചുതെറിപ്പിച്ചു! യുവതിക്ക് നേരിടേണ്ടിവന്നത് ഞെട്ടിക്കുന്ന റോഡ് റേജ്; വീഡിയോ കാണാം

പ്രമുഖ ഐ.ടി നഗരമായ ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ അതിവേഗത്തിലെത്തിയ കാർ യുവതി സഞ്ചരിച്ച സ്‌പോർട്‌സ് ബൈക്കിൽ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ബൈക്ക് കാർ മീറ്ററുകളോളം വലിച്ചിഴച്ചുകൊണ്ട് പോയി. സംഭവത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി – ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഞായറാഴ്ച സുഹൃത്തുക്കളായ മറ്റ് റൈഡർമാർക്കൊപ്പം ഏപ്രിൽ ആർ.എസ് 457 (Aprilia RS 457) ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിയ എന്ന യുവതിക്കാണ് അപകടത്തിൽ പരിക്കേറ്റത്. സംഭവത്തെക്കുറിച്ച് സിയ പിന്നീട് ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കുകയുണ്ടായി. തങ്ങൾ സഞ്ചരിച്ചിരുന്ന വഴിയിൽ ഒരു കാർ നിരന്തരം പിന്തുടരുകയും അതിലുണ്ടായിരുന്നവർ അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തതായി സിയ ആരോപിക്കുന്നു. അകലം പാലിക്കാൻ ആവശ്യപ്പെട്ടപ്പോൾ ബൈക്ക് നിർത്താൻ ഇവർ ആവശ്യപ്പെട്ടു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായും യുവതി പറയുന്നു.

തുടർന്ന് വാഹനം ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ മനഃപൂർവം ബൈക്കിന്റെ വശത്തേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇടിച്ചയുടൻ സിയ റോഡിലേക്ക് തെറിച്ചുവീണു. ഇതോടെ നിർത്താതെ പോയ കാർ ബൈക്കിനെയും വഹിച്ച് മുന്നോട്ട് പാഞ്ഞു. ബൈക്കിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. അപകടത്തിന് ശേഷം നിർത്തിയിടാതെ ഓടിച്ചുപോയ കാറിനായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

മനീഷ് എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts