ബെംഗളൂരുവിൽ വ്യാപക പരിശോധന: 529 ബാലവേലക്കാരെ രക്ഷപ്പെടുത്തി; 105 കേസുകൾ എടുത്തു

ബെംഗളൂരു: നഗരത്തിലുടനീളം പൊലീസും ലേബർ ഡിപ്പാർട്ട്‌മെന്റും ചേർന്ന് നടത്തിയ പ്രത്യേക പരിശോധനയിൽ 529 ബാലവേലക്കാരെ രക്ഷപ്പെടുത്തി. നഗരത്തിലെ 11 പൊലീസ് ഡിവിഷനുകളിലായി സ്ഥിതി ചെയ്യുന്ന വ്യാപാരി സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ, മറ്റ് തൊഴിലിടങ്ങൾ ഉൾപ്പെടെ 6,076 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച മിന്നൽ പരിശോധന നടന്നത്.

കുട്ടികളെ നിയമവിരുദ്ധമായി ജോലിക്ക് നിർത്തിയ 105 കടയുടമകൾക്കും തൊഴിലുടമകൾക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാലവേല തടയൽ നിയന്ത്രണ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്നും കുട്ടികളെ ജോലിക്ക് നിർത്തി ചൂഷണം ചെയ്യുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ നടപടിയെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞദിവസം യശ്വന്ത്പൂർ എ.പി.എം.സി മാർക്കറ്റിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിനിടെ ബാലവേലക്കാരായ കുട്ടികളെ കണ്ടെത്തിയിരുന്നു. ഇതിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ അദ്ദേഹം, ബാലവേലയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരവ്യാപകമായി പൊലീസ് മിന്നൽ പരിശോധന സംഘടിപ്പിച്ചത്.

പരിശോധനയിൽ വെസ്റ്റ് ഡിവിഷനിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇവിടെ നിന്നും 103 കുട്ടികളെ കണ്ടെത്തി. ഈസ്റ്റ് ഡിവിഷൻ (74), നോർത്ത് (66), സെൻട്രൽ (63), സൗത്ത് (52), നോർത്ത് ഈസ്റ്റ് (47), നോർത്ത് വെസ്റ്റ് (27), സൗത്ത് ഈസ്റ്റ് (24), സൗത്ത് വെസ്റ്റ് (17), വൈറ്റ്ഫീൽഡ് (8), ഇലക്ട്രോണിക് സിറ്റി (3) എന്നിങ്ങനെയാണ് മറ്റ് ഡിവിഷനുകളിലെ കണക്കുകൾ. കൂടാതെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) നടത്തിയ പരിശോധനയിൽ 45 കുട്ടികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.

കേസുകളുടെ എണ്ണത്തിൽ സെൻട്രൽ ക്രൈം ബ്രാഞ്ചാണ് (സി.സി.ബി) മുന്നിൽ. സി.സി.ബി 26 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഈസ്റ്റ് ഡിവിഷൻ 18 കേസുകളും നോർത്ത് ഈസ്റ്റ് 17 കേസുകളും വെസ്റ്റ് 15 കേസുകളും എടുത്തു. നോർത്ത് വെസ്റ്റ് (9), വൈറ്റ്ഫീൽഡ് (8), സൗത്ത് വെസ്റ്റ് (5), സൗത്ത് (4), നോർത്ത് (3) എന്നിങ്ങനെയാണ് കേസ് എടുത്ത മറ്റ് ഡിവിഷനുകൾ. അതേസമയം സെൻട്രൽ, സൗത്ത് ഈസ്റ്റ്, ഇലക്ട്രോണിക് സിറ്റി എന്നീ ഡിവിഷനുകളിൽ കേസുകളൊന്നും തന്നെ രജിസ്റ്റർ ചെയ്തിട്ടില്ല.

ബെംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ്, അഡീഷണൽ പൊലീസ് കമ്മീഷണർ (ക്രൈം) അജയ് ഹിലോരി, ജോയിന്റ് കമ്മീഷണർമാരായ സി. വംശി കൃഷ്ണ (വെസ്റ്റ്), രമേഷ് ബാനോത്ത് (ഈസ്റ്റ്) എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ രക്ഷാപ്രവർത്തനം നടന്നതെന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts