രോഗപ്രതിരോധശേഷി മാത്രമല്ല, എച്ച്ഐവി തകർക്കുന്നത് ഹൃദയത്തെയും! മുന്നറിയിപ്പുമായി ബെംഗളൂരു ഹൃദ്രോഗ വിദഗ്ധർ

ബെംഗളൂരു: എച്ച്ഐവി രോഗികളിൽ ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണെന്നും പാർശ്വഫലങ്ങളും സാമൂഹിക അനാദരവും മൂലം ഗ്രാമീണ മേഖലയിലെ 25 ശതമാനത്തോളം രോഗികൾ ഇപ്പോഴും ആന്റിറെട്രോവൈറൽ തെറാപ്പി (എആർടി) ചികിത്സയ്ക്ക് വിധേയരാകുന്നില്ലെന്നും ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. ദിനേശ ബി. വ്യക്തമാക്കി. ജയദേവ ആശുപത്രിയിൽ സംഘടിപ്പിച്ച എച്ച്ഐവി ആൻഡ് ഹാർട്ട് സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എച്ച്ഐവി ബാധ മൂലം രോഗികളിൽ പ്രതിരോധശേഷി കുറയുകയും വിട്ടുമാറാത്ത വീക്കം (chronic inflammation) ഉണ്ടാകുകയും ചെയ്യുന്നു. ഇത് കോറോണറി ആർട്ടറി രോഗങ്ങൾക്ക് കാരണമാകുന്നു. ഇതിനുപുറമെ എആർടി ചികിത്സ ചിലരിൽ ഹൃദയഭിത്തികളുടെ കട്ടി വർധിപ്പിക്കുന്നതിനും ഹൃദയത്തിന് അധിക സമ്മർദ്ദം ഉണ്ടാക്കുന്നതിനും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി ഉപയോഗിക്കുന്ന കാർഡിയോവാസ്കുലർ റിസ്ക് സ്കോറുകൾ എച്ച്ഐവി രോഗികളുടെ ഹൃദ്രോഗ സാധ്യത പൂർണ്ണമായി കണക്കാക്കാൻ പര്യാപ്തമല്ല. എച്ച്ഐവി രോഗികളിലെ പുകവലി ശീലം, ചികിത്സ നിമിത്തമുണ്ടാകുന്ന അമിത വണ്ണം, അനുബന്ധ ഉപാപചയ തകരാറുകൾ എന്നിവയും ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കുന്നതായി ഡോ. ദിനേശ ചൂണ്ടിക്കാട്ടി.

എച്ച്ഐവി ബാധിതരിൽ ഹൃദ്രോഗ സംഭവങ്ങളുടെ നിരക്ക് 6 ശതമാനമാണെന്ന് 2026-ലെ സിസ്റ്റമാറ്റിക് റിവ്യൂവും മെറ്റാ അനാലിസിസും വ്യക്തമാക്കുന്നതായി ചടങ്ങിൽ സംസാരിച്ച കാർഡിയോളജി അസോസിയേറ്റ് പ്രൊഫസർ ഡോ. എച്ച്. എസ്. നാഗരാജ് ഷെട്ടി പറഞ്ഞു. ഇന്ത്യയിലെ മുതിർന്നവരിൽ പൊതുവെയുള്ള ഹൃദ്രോഗ നിരക്ക് ഏകദേശം 11 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എച്ച്ഐവിയെ വെറുമൊരു പകര്‍ച്ചവ്യാധിയായി മാത്രം കാണരുതെന്ന് നാരായണ ഹെൽത്ത് സ്ഥാപകനും ചെയർമാനുമായ ഡോ. ദേവി പ്രസാദ് ഷെട്ടി അഭിപ്രായപ്പെട്ടു. എച്ച്ഐവി രോഗികളുടെ ദീർഘകാല ആരോഗ്യത്തിൽ ഹൃദയാരോഗ്യം നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും രോഗലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് സമയബന്ധിതമായ പരിശോധനകളും ചികിത്സയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts