തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച ശേഷം ഇനി സംസ്ഥാന സർക്കാരിന് ഇതിൽ നിന്ന് പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട കേന്ദ്രസഹായം പൂർണമായി നഷ്ടമാകുമെന്നും അദ്ദേഹം കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിൽ വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി യോഗത്തിൽ ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
കരാർ ഒപ്പിട്ട സ്ഥിതിക്ക് ഇനി പിന്നോട്ട് പോകാൻ കഴിയില്ലെന്നും, അങ്ങനെ ചെയ്യുന്നത് വലിയ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്നുമാണ് മുഖ്യമന്ത്രി ആവർത്തിച്ചത്. പാർട്ടിയുടെ വികാരം മാനിക്കുന്നുണ്ടെന്നും ലഭിച്ച നിയമോപദേശവും പദ്ധതിയുമായി മുന്നോട്ട് പോകണമെന്നാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഉപസമിതിയുടെ റിപ്പോർട്ട് പുറത്തുവന്ന ശേഷമായിരിക്കും വിഷയത്തിൽ തുടർന്നുള്ള ഔദ്യോഗിക നടപടികൾ സ്വീകരിക്കുക.
അതേസമയം, സർക്കാരും പാർട്ടിയും തമ്മിൽ യാതൊരുവിധ ഏകോപനവുമില്ലെന്ന് യോഗത്തിൽ ദീപാദാസ് മുൻഷി കടുത്ത വിമർശനമുന്നയിച്ചു. മുൻകൂട്ടി കൂടിയാലോചനകൾ നടക്കുന്നില്ലെന്നും ഏകോപനം അടിയന്തരമായി ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ഈ വിമർശനം മുഖ്യമന്ത്രി പൂർണ്ണമായും തള്ളി. കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൃത്യമായ ചർച്ചകൾ നടത്തി മാത്രമാണ് സർക്കാർ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം മറുപടി നൽകി.
കെപിസിസി പുനഃസംഘടനയെച്ചൊല്ലിയും രാഷ്ട്രീയ കാര്യസമിതിയിൽ രൂക്ഷമായ തർക്കങ്ങൾ ഉടലെടുത്തു. പുതിയ കെപിസിസി പ്രസിഡന്റിനെ ഉടൻ നിയമിക്കണമെന്ന് മുതിർന്ന നേതാക്കളായ പി.ജെ. കുര്യൻ, കെ.സി. ജോസഫ്, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ ആവശ്യപ്പെട്ടു. നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫ് മാനസികമായി പദവിയിൽ നിന്ന് ഒഴിഞ്ഞ മട്ടാണെന്നും, നിലവിൽ ഭൗതികമായി മാത്രമാണ് അദ്ദേഹം പ്രസിഡന്റായി തുടരുന്നതെന്നും പി.ജെ. കുര്യൻ വിമർശിച്ചു. ഈ നിലപാടിനെ ബെന്നി ബഹനാനും പിന്തുണച്ചതായാണ് വിവരങ്ങൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]