നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമിച്ച സംഘത്തെ അതിസാഹസികമായി പിടികൂടി കോയമ്പത്തൂർ പോലീസ്. കോവിൽപാളയം പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകനാണ് 30 കിലോമീറ്ററോളം അതിവേഗത്തിൽ പാഞ്ഞ കാറിന്റെ മുകളിൽ തൂങ്ങിക്കിടന്ന് പ്രതികളെ പിടികൂടാൻ സഹായിച്ചത്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശികളായ ബാബു ദാരാ (27), രാജേഷ് (23), സുരേഷ് (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 300 കിലോയോളം വരുന്ന നിരോധിത ഗുഡ്കയും പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.
ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെ കോവിൽപാളയത്ത് പോലീസ് വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുന്നതിനിടെയാണ് സംഭവം. കർണാടകയിൽ നിന്ന് ബെംഗളൂരു വഴി വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുനിർത്തിയ കാർ, പോലീസ് പരിശോധിക്കാൻ ശ്രമിക്കവേ പെട്ടെന്ന് പിന്നോട്ട് എടുക്കുകയും അതിവേഗത്തിൽ മുന്നോട്ട് പാച്ചുപോവുകയുമായിരുന്നു. അപകടം ഒഴിവാക്കാനായി ഹെഡ് കോൺസ്റ്റബിൾ വേൽമുരുകൻ ബോണറ്റിലൂടെ കാറിന്റെ മുകളിലേക്ക് ചാടിക്കയറി ഉറച്ചുപിടിക്കുകയായിരുന്നു.
പോലീസുകാരനുമായി കണിയൂർ ടോൾ പ്ലാസ വഴി അവിനാശി ലക്ഷ്യമാക്കി കാർ അതിവേഗത്തിൽ പാഞ്ഞുപോയത് മറ്റ് യാത്രക്കാരെയും നാട്ടുകാരെയും ഞെട്ടിച്ചു. കാറിനു മുകളിൽ വേൽമുരുകൻ തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. തുടർന്ന് മറ്റു പോലീസ് സ്റ്റേഷനുകളിൽ വിവരമറിയിക്കുകയും അവിനാശി തെക്കലൂർ ചെക്ക് പോസ്റ്റിന് സമീപം കാർ വളഞ്ഞ് പ്രതികളെ സാഹസികമായി പിടികൂടുകയുമായിരുന്നു. വേൽമുരുകന്റെ ധീരമായ പ്രവർത്തനത്തെ തമിഴ്നാട് നിരോധന-എക്സൈസ് വകുപ്പ് മന്ത്രി കെ.വി. വിഘ്നേഷ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]