ക്ഷേത്രത്തിൽ നിന്നുളള ശബ്ദം ഉറക്കം കളയുന്നു; പരാതി നൽകി നടൻ അല്ലു സിരീഷ്; സോഷ്യൽ മീഡിയയിൽ വിമർശനം

ക്ഷേത്രത്തിൽ നിന്നുളള ശബ്ദം ഉറക്കം കളയുന്നു; പരാതി നൽകി നടൻ അല്ലു സിരീഷ്; സോഷ്യൽ മീഡിയയിൽ വിമർശനം

ഹൈദരാബാദ്: വീടിന് സമീപത്തെ ക്ഷേത്രത്തിൽ നിന്ന് അർദ്ധരാത്രി വൈകിയും ഉയർന്ന ശബ്ദത്തിൽ പാട്ട് വെക്കുന്നതിനെതിരെ പോലീസിൽ പരാതി നൽകി പ്രമുഖ തെലുങ്ക് നടനും അല്ലു അർജുന്റെ സഹോദരനുമായ അല്ലു സിരീഷ്. ഹൈദരാബാദിലെ ഷെയ്ഖ്പേട്ടിലുള്ള ‘അപർണ വൺ’ അപ്പാർട്ട്മെന്റ് റസിഡന്റായ താരം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെയാണ് ഹൈദരാബാദ് സിറ്റി പോലീസിന്റെ ശ്രദ്ധയിലേക്ക് വിഷയം കൊണ്ടുവന്നത്.

വിനോബ നഗറിലെ ഹനുമാൻ ക്ഷേത്രത്തിൽ നിന്ന് നിശ്ചിത ഡെസിബെല്ലിലും ഉയർന്ന ശബ്ദത്തിൽ പുലർച്ചെ രണ്ട്, മൂന്ന് മണി വരെ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതായി സിരീഷ് ആരോപിച്ചു. മുൻപും ഫിലിം നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും ഗണേഷ് നിമജ്ജനം കഴിയുന്നത് വരെ ക്ഷമിക്കാൻ പറയുകയായിരുന്നു. എന്നാൽ ആഘോഷങ്ങൾ അവസാനിച്ചിട്ടും ശബ്ദമലിനീകരണത്തിന് കുറവില്ലെന്നും, ഇത് പ്രദേശത്തെ മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും ജോലി ചെയ്യുന്നവർക്കും വൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബ്ദകോലാഹലത്തിന്റെ ദൃശ്യങ്ങളും താരം എക്സിൽ പങ്കുവെച്ചിരുന്നു. പരാതിയെ തുടർന്ന് ഫിലിം നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വിഷയം കൈമാറിയതായി പോലീസ് അറിയിച്ചു.

എന്നാൽ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനമാണ് താരത്തിന് നേരിടേണ്ടി വന്നത്. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവുമായി നിരവധി പേർ രംഗത്തെത്തി. തുടര്‍ന്ന് താൻ ഹനുമാൻ സ്വാമിയുടെ ഭക്തനാണെന്നും ഹനുമാന്റെ ചിത്രം പതിച്ച ടീ-ഷർട്ട് ധരിച്ച ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം മറുപടി നൽകി. അർദ്ധരാത്രി രണ്ട് മണിക്ക് ഡി.ജെ സെറ്റ് വെച്ച് ഉയർന്ന ശബ്ദത്തിൽ പാട്ട് വെക്കുന്നത് ഭക്തിയല്ലെന്നും, ജനങ്ങളുടെ പൊതുബോധത്തെ കുറിച്ചാണ് താൻ പരാതിപ്പെട്ടതെന്നും ദൈവഭക്തിയെക്കുറിച്ചല്ലെന്നും വ്യക്തമാക്കിക്കൊണ്ട് സിരീഷ് പത്രക്കുറിപ്പിന് സമാനമായ കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts