‘ചേച്ചി’യെന്ന് വിളിച്ചതിൽ ദേഷ്യം; നടുറോഡിൽ കാർ തടഞ്ഞിട്ട് യുവതിയുടെ മണിക്കൂറുകൾ നീണ്ട പ്രതിഷേധം
ജബൽപൂർ: അന്യനാട്ടിൽ വെച്ച് ‘ചേച്ചി’ എന്ന് സ്നേഹത്തോടെ വിളിച്ച കാർ ഡ്രൈവർക്ക് കിട്ടിയത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പണി. വഴിമാറി നിൽക്കാൻ ആവശ്യപ്പെട്ട് ‘ചേച്ചി’ എന്ന് വിളിച്ചതിൽ പ്രകോപിതയായ ഇരുപത്തിമൂന്നുകാരി നടുറോഡിൽ ഗതാഗതം തടഞ്ഞ് പ്രതിഷേധിച്ചു. മധ്യപ്രദേശിലെ ജബൽപൂരിൽ ഗർഹ പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലാണ് സിനിമാറ്റിക് രംഗങ്ങൾ അരങ്ങേറിയത്.
മേഖലയിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുന്നതിനായി ഡ്രൈവർ യുവതിയോട് മാറിനിൽക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടയിൽ ‘ചേച്ചി’ (ദീദി) എന്ന് അഭിസംബോധന ചെയ്തതാണ് യുവതിയെ ചൊടിപ്പിച്ചത്. ഇതോടെ നിയന്ത്രണം വിട്ട യുവതി കാറിന് മുന്നിൽ കയറിനിന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളമാണ് ഇവർ റോഡിൽ വൺ വുമൺ ഷോ നടത്തിയത്.
സംഭവം പോലീസ് സ്റ്റേഷന് സമീപത്തായിരുന്നിട്ടും പെട്ടെന്ന് ഇടപെടാൻ അധികൃതർ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. വിവരമറിഞ്ഞെത്തിയ പോലീസിനോട് വെള്ളക്കടലാസിൽ പരാതി എഴുതി നൽകിയാൽ അന്വേഷിക്കാമെന്നാണ് സ്റ്റേഷൻ ഇൻ-ചാർജ് പ്രസന്ന ശർമ്മ പ്രതികരിച്ചത്. ഡ്രൈവർ പോലീസിൽ പരാതി നൽകിയെങ്കിലും യുവതിക്കെതിരെ ഇതുവരെയും നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
നടുറോഡിലെ ഈ അപ്രതീക്ഷിത സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അജ്ഞാതരായ യുവതികളെ ബഹുമാനത്തോടെയാണെങ്കിലും ‘ചേച്ചി’ എന്ന് വിളിക്കും മുൻപ് ഒന്നുകൂടി ആലോചിക്കുന്നത് നന്നായിരിക്കും എന്ന തരത്തിലുള്ള ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]