ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിന്റെ ചരിത്രം പരിശോധിച്ചാൽ അസ്ഥിരതയും കൂട്ടരാജികളും ഭരണകൂടങ്ങളുടെ തകർച്ചയും നേതൃമാറ്റങ്ങളും പുതിയൊരു വാർത്തയല്ല. 1956-ൽ സംസ്ഥാന രൂപീകരണത്തിന് ശേഷം ഇതുവരെ മൂന്ന് നേതാക്കൾക്ക് മാത്രമാണ് അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളത്. എസ്. നിജലിംഗപ്പ (1962-68), ഡി. ദേവരാജ് അരസ് (1972-77), സിദ്ധരാമയ്യ (2013-18) എന്നിവർ മാത്രമാണ് ഈ നേട്ടം കൈവരിച്ച മുഖ്യമന്ത്രിമാർ. കർണാടക രാഷ്ട്രീയത്തെ ഉലച്ച പ്രധാന ഭരണമാറ്റങ്ങളുടെയും രാജി ചരിത്രങ്ങളുടെയും വിവരങ്ങൾ താഴെ പറയുന്നപ്രകാരമാണ്.
മൈസൂരു സംസ്ഥാനത്തിന്റെ പുനഃസംഘടനയ്ക്ക് ശേഷം കോൺഗ്രസിന്റെ മുതിർന്ന നേതാവായ എസ്. നിജലിംഗപ്പ 1958-ൽ മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും പാർട്ടിയിലെ ലിംഗായത്ത് എം.എൽ.എമാരുടെ ആഭ്യന്തര കലഹം ഭരണത്തെ ബാധിച്ചു. ഹൈക്കമാൻഡ് വിമതർക്കൊപ്പം നിലയുറപ്പിച്ചതോടെ കാലാവധി തികയ്ക്കാൻ കഴിയാതെ നിജലിംഗപ്പയ്ക്ക് രാജിവെക്കേണ്ടി വരികയും ബി.ഡി. ജട്ടി പുതിയ മുഖ്യമന്ത്രിയാവുകയും ചെയ്തു. പിന്നീട് 1969-ൽ കോൺഗ്രസ് പിളർന്നപ്പോൾ ലിംഗായത്ത് നേതാവായ വീരേന്ദ്ര പാട്ടീൽ കോൺഗ്രസ് (ഓർഗനൈസേഷൻ) പക്ഷം ചേർന്ന് മുഖ്യമന്ത്രിയായി. എന്നാൽ 1971-ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി വൻ വിജയം നേടിയതോടെ ഭൂരിഭാഗം മന്ത്രിമാരും എം.എ.ൽഎമാരും ഇന്ദിരാ പക്ഷത്തേക്ക് മാറി. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട പാട്ടീൽ സർക്കാർ തകരുകയും കർണാടകത്തിൽ ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു.
പിന്നോക്ക വിഭാഗങ്ങളുടെ ജനകീയ നേതാവായിരുന്ന ഡി. ദേവരാജ് അരസ് 1980-ൽ തന്റെ രണ്ടാം ഊഴത്തിൽ ഇന്ദിരാഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ് കോൺഗ്രസ് (അരസ്) എന്ന പുതിയ പാർട്ടി രൂപീകരിച്ചു. എന്നാൽ അതേവർഷം ഇന്ദിരാഗാന്ധി കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയതോടെ അരസിന്റെ കൂടെയുണ്ടായിരുന്ന എം.എൽ.എമാർ കൂട്ടത്തോടെ ഇന്ദിരാ കോൺഗ്രസിലേക്ക് മടങ്ങി. ഭൂരിപക്ഷം നഷ്ടപ്പെട്ട അരസ് രാജിവെച്ചതിനെ തുടർന്ന് ആർ. ഗുണ്ടുറാവു അധികാരമേറ്റു. തുടർന്ന് 1988-ൽ കർണാടകത്തിലെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായ രാമകൃഷ്ണ ഹെഗ്‌ഡെ, പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തിയെന്ന വിവാദത്തെത്തുടർന്ന് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കാലാവധി പകുതിയാക്കി രാജിവെച്ചു. തുടർന്ന് എസ്.ആർ. ബൊമ്മെ അധികാരത്തിലെത്തി.
1989-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടിയതോടെ വീരേന്ദ്ര പാട്ടീൽ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും ഒരു വർഷത്തിനുള്ളിൽ ചന്നപട്ടണയിലും ദാവൻഗരെയിലും ഉണ്ടായ വർഗീയ സംഘർഷങ്ങൾ ക്രമസമാധാന നില തകർത്തു. ഈ സമയം പക്ഷാഘാതം വന്ന് പാട്ടീൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കർണാടക സന്ദർശനത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാജീവ് ഗാന്ധി ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് പാട്ടീലിനെ മാറ്റുമെന്ന പ്രഖ്യാപനം നടത്തിയത്. തുടർന്ന് എസ്. ബംഗാരപ്പ മുഖ്യമന്ത്രിയായി. എന്നാൽ ബംഗാരപ്പയുടെ ഭരണകാലം അഴിമതി ആരോപണങ്ങളാലും ആഭ്യന്തര കലഹങ്ങളാലും മൂടപ്പെട്ടു. മുതിർന്ന നേതാവ് എം. വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിൽ വിമതർ പരസ്യമായി രംഗത്തെത്തിയതോടെ കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം ബംഗാരപ്പ രാജിവെക്കുകയും വീരപ്പ മൊയ്‌ലി മുഖ്യമന്ത്രിയാവുകയും ചെയ്തു.
ജനതാദൾ കോൺഗ്രസിനെ പരാജയപ്പെടുത്തിയ 1994-ൽ എച്ച്.ഡി. ദേവഗൗഡ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ 1996-ലെ പൊതുതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കൊടുവിൽ ദേവഗൗഡ ഇന്ത്യൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ജെ.എച്ച്. പട്ടേൽ ഭരണം ഏറ്റെടുക്കുകയും ചെയ്തു. 2004-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ കോൺഗ്രസ് ജെ.ഡി.എസുമായി ചേർന്ന് ധരംസിംഗിന്റെ നേതൃത്വത്തിൽ സഖ്യസർക്കാർ രൂപീകരിച്ചു. എന്നാൽ 2006-ൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെ.ഡി.എസ് പിന്തുണ പിൻവലിച്ച് ബി.ജെ.പിയുമായി കൈകോർത്തതോടെ ധരംസിംഗ് രാജിവെച്ചു.
തുടർന്ന് മുഖ്യമന്ത്രിയായ എച്ച്.ഡി. കുമാരസ്വാമി സഖ്യ ധാരണപ്രകാരം 20 മാസത്തിന് ശേഷം ബി.ജെ.പിക്ക് അധികാരം കൈമാറാൻ വിസമ്മതിച്ചതോടെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. കുമാരസ്വാമി രാജിവെച്ചതിനെ തുടർന്ന് ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ജെ.ഡി.എസ് പിന്തുണ പിൻവലിച്ചതോടെ ആ സർക്കാർ വെറും ഏഴ് ദിവസം മാത്രമാണ് നിലനിന്നത്. 2008-ൽ യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി ദക്ഷിണേന്ത്യയിലെ തങ്ങളുടെ ആദ്യ സർക്കാർ രൂപീകരിച്ചു. എന്നാൽ 2011-ൽ അനധികൃത ഖനനക്കേസിൽ ലോകായുക്ത എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ യെദ്യൂരപ്പയോട് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടു. ഡി.വി. സദാനന്ദ ഗൗഡ പകരക്കാരനായെങ്കിലും പാർട്ടിയിലെ ആഭ്യന്തര സമ്മർദ്ദം കാരണം 11 മാസത്തിനുള്ളിൽ അദ്ദേഹവും രാജിവെച്ചു. അവസാന ഒരു വർഷം ജഗദീഷ് ഷെട്ടാറാണ് ഭരിച്ചത്.
ഏറ്റവും ഒടുവിൽ 2018-ലെ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതെ വന്നപ്പോൾ കോൺഗ്രസ് വീണ്ടും ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി. എന്നാൽ ഭിന്നതകളെ തുടർന്ന് ഒരു വർഷത്തിന് ശേഷം 17 ഭരണകക്ഷി എം.എൽ.എമാർ രാജിവെച്ചതോടെ സഖ്യസർക്കാർ താഴെവീണു. ബി.എസ്. യെദ്യൂരപ്പ നാലാം തവണയും മുഖ്യമന്ത്രിയായി തിരിച്ചെത്തിയെങ്കിലും 2021-ൽ അദ്ദേഹത്തോടും സ്ഥാനമൊഴിയാൻ ബി.ജെ.പി ഹൈക്കമാൻഡ് ആവശ്യപ്പെടുകയും ബസവരാജ് ബൊമ്മെ യെ പുതിയ മുഖ്യമന്ത്രിയായി നിശ്ചയിക്കുകയുമായിരുന്നു. ഇത്തരത്തിൽ അസ്ഥിരതകളുടെ നീണ്ട ചരിത്രമാണ് കർണാടക രാഷ്ട്രീയത്തിനുള്ളത്.
