ബെംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിലെ കുതിച്ചുയരുന്ന ജീവിതച്ചെലവുകളെക്കുറിച്ചും അമിതമായ ഫ്ലാറ്റ് വാടകയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ട് സോഷ്യൽ മീഡിയ പോസ്റ്റ്. നഗരത്തിലെ ഒരു പ്രീമിയം 3BHK ഫ്ലാറ്റിന്റെ മാസവാടക 1.1 ലക്ഷം രൂപയാണെന്ന പരസ്യമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൻ സംവാദത്തിന് വഴിവെച്ചിരിക്കുന്നത്. പ്രമുഖ ഐടി ഹബ്ബുകൾക്കും ബിസിനസ് പാർക്കുകൾക്കും സമീപമുള്ള പ്രദേശങ്ങളിൽ താമസസൗകര്യങ്ങൾ സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം ഉയരുകയാണെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
ഡൊംലൂർ-ഇന്ദിരാനഗർ മേഖലയിൽ എംബസി ഗോൾഫ് ലിങ്ക്സ് (EGL) ബിസിനസ് പാർക്കിന് സമീപമുള്ള ‘ശ്രീറാം സ്പന്ദന’ എന്ന അപ്പാർട്ട്‌മെന്റിലെ 3BHK ഫ്ലാറ്റാണ് വാടകയ്ക്ക് നൽകാനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഏകദേശം 1,800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഫ്ലാറ്റിനൊപ്പം സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, ബാഡ്മിന്റൺ കോർട്ട്, സ്കേറ്റിംഗ് റിങ്ക്, ലാൻഡ്‌സ്‌കേപ്പ് ഗാർഡൻ, പ്രൈവറ്റ് ടെറസ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. 1.1 ലക്ഷം രൂപ മാസവാടകയ്ക്ക് പുറമെ, 4 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും പ്രതിമാസം 6,000 രൂപയോളം മെയിന്റനൻസ് ചാർജും നൽകണമെന്നും പരസ്യത്തിൽ പറയുന്നു.
ഈ പരസ്യത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഒരു എക്സ് (X) ഉപയോക്താവ് കുറിച്ച പരിഹാസരൂപേണയുള്ള വാചകമാണ് ചർച്ചകൾക്ക് ആക്കം കൂട്ടിയത്. “ബെംഗളൂരുവിൽ ഒരു 3BHK ഫ്ലാറ്റിന് 1.1 ലക്ഷം രൂപ വാടകയോ? ഇത് യഥാർത്ഥത്തിൽ ഒരാളുടെ ഒരു മാസത്തെ മുഴുവൻ ശമ്പളമാണ്,” എന്നായിരുന്നു കുറിപ്പ്. ഈ പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലാവുകയും സാധാരണക്കാരായ ഉദ്യോഗസ്ഥർക്ക് ബെംഗളൂരുവിലെ വാടക വിപണി അപ്രാപ്യമായി മാറിക്കൊണ്ടിരിക്കുകയാണോ എന്ന ചോദ്യം ഉയർത്തുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ ഈ വിഷയത്തിൽ രണ്ട് തരം അഭിപ്രായങ്ങളാണ് ഉയർന്നുവരുന്നത്. വിലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തി. ഇന്ദിരാനഗറിന് സമീപമുള്ള ഇത്തരം പ്രൈമിയം ലൊക്കേഷനുകൾ മുംബൈയിലെ പോഷ് ഏരിയകൾക്ക് സമാനമാണെന്നും പ്രതിമാസം 10 മുതൽ 20 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ഈ തുക വലിയ ഭാരമല്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. ഹോട്ടലുകളിൽ 20 രൂപയ്ക്കും 500 രൂപയ്ക്കും ദോശ ലഭ്യമാകുന്നതുപോലെ, ജീവിതരീതിയും സൗകര്യങ്ങളും അനുസരിച്ച് വാടകയിലും മാറ്റമുണ്ടാകുമെന്നും ചെന്നൈ പോലുള്ള നഗരങ്ങളിൽ പോലും 4 ലക്ഷം രൂപ വരെ മാസവാടകയുള്ള ആഡംബര വീടുകളുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, ഇതിനെ ശക്തമായി വിമർശിച്ചുകൊണ്ട് വലിയൊരു വിഭാഗം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത് വെറും ‘പകൽക്കൊള്ള’ ആണെന്നും ഇത്തരം അമിത തുക നൽകാൻ തയ്യാറാകുന്നവർ സമ്പന്നരല്ല, മറിച്ച് വിഡ്ഢികളാണെന്നുമാണ് ഒരാൾ വിമർശിച്ചത്. 20 വർഷത്തോളം പഴക്കമുള്ള കെട്ടിടങ്ങൾക്ക് പോലും ഇത്രയും തുക ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പലരും അഭിപ്രായപ്പെട്ടു. നഗരത്തിലെ വാടക വിപണിയിൽ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാത്തതാണ് ഇത്തരം അന്യായമായ വിലക്കയറ്റത്തിന് കാരണമെന്നും 3-4 പേർ ചേർന്ന് ഫ്ലാറ്റുകൾ പങ്കിട്ടെടുത്ത് താമസിച്ച് വാടക പങ്കിടുന്നതിനാലാണ് ഉടമകൾ ഇത്രയും വലിയ തുക ആവശ്യപ്പെടുന്നതെന്നും മറ്റ് ചിലർ കുറിച്ചു. എന്തായാലും ഐടി ജീവനക്കാരുടെ പോക്കറ്റ് ചോർത്തുന്ന ബെംഗളൂരുവിലെ വാടക വർദ്ധനവ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി തുടരുകയാണ്.
