ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷമേ പ്രഖ്യാപിക്കൂ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള മൂന്ന് പേരും പദവിക്ക് അർഹരാണെന്നും മെറിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന നിർണായക യോഗത്തിലാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.
മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിക്കുന്ന കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ ലക്ഷ്യം വെച്ചായിരുന്നു വിമർശനം. നേതാക്കളുടെ അഭിപ്രായങ്ങൾ പൂർണ്ണമായും കേട്ട രാഹുൽ ഗാന്ധി, നിലവിലെ കലുഷിതമായ അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് അറിയിച്ചു. സംസ്ഥാനത്ത് തുടരുന്ന ശക്തിപ്രകടനങ്ങൾ അവസാനിപ്പിക്കാൻ കഴിയുമോ എന്ന് ഹൈക്കമാൻഡ് ഒറ്റക്കെട്ടായി നേതാക്കളോട് ചോദിച്ചു. നേതാക്കളുടെ തുടർനടപടികൾ നിരീക്ഷിക്കുമെന്നും ഹൈക്കമാൻഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹൈക്കമാൻഡ് കർശന നിലപാട് സ്വീകരിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് പടരുന്നതിനെതിരെ മൂന്ന് നേതാക്കളും ഒന്നിച്ച് രംഗത്തെത്തി. തങ്ങൾക്കായി പ്രവർത്തകർ ആരും പ്രകടനങ്ങൾ നടത്തരുതെന്ന് കെ.സി വേണുഗോപാലും വി.ഡി സതീശനും രമേശ് ചെന്നിത്തലയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുന്നതാണെന്നും പാർട്ടിയുടെ ഐക്യത്തിന് ഗുണകരമല്ലെന്നും നേതാക്കൾ വ്യക്തമാക്കി. വിഭാഗീയത അവസാനിപ്പിച്ച് ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കാനാണ് നേതാക്കളുടെ ആഹ്വാനം.
