250 മീറ്റർ ഉയരത്തിൽ 600 കോടിയുടെ കിടുക്കൻ ‘സ്‌കൈഡെക്’ യഥാർഥ്യത്തിലേക്ക്; സ്‌കൈഡെക്കിൽ എന്തെല്ലാം ഉൾപ്പെടുമെന്ന് അറിയാൻ വായിക്കാം

ബെംഗളൂരു: കർണാടക സർക്കാരിന്റെ സ്വപ്ന പദ്ധതിയായ 250 മീറ്റർ ഉയരമുള്ള കൂറ്റൻ സ്‌കൈഡെക് വെറുമൊരു കാഴ്ചബംഗ്ലാവിലൊതുങ്ങില്ല. വിനോദസഞ്ചാരം, വിനോദകേന്ദ്രങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 360 ഡിഗ്രി ദൃശ്യഭംഗി നൽകുന്ന നിരീക്ഷണ കേന്ദ്രങ്ങൾ, എലവേറ്റഡ് വാക്ക്വേകൾ, ഗ്ലാസ് ബോട്ടം വ്യൂയിങ് സോണുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിങ് ഔട്ട്ലെറ്റുകൾ, ഡിജിറ്റൽ ഇമ്മേഴ്‌സീവ് സോണുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വലിയൊരു ടൂറിസം കേന്ദ്രമാക്കി ഇതിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ അന്തിമരൂപവും സാമ്പത്തിക ചട്ടക്കൂടും സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉടനുണ്ടാകും.

പിപിപി മാതൃകയിൽ നിർമാണം; കരാറുകാരെ കണ്ടെത്താൻ ടെൻഡർ

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്കായി ഒരു ട്രാൻസാക്ഷൻ അഡ്വൈസറെ നിയമിക്കുന്നതിന് ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (BDA) ടെൻഡർ ക്ഷണിച്ചു. ഏകദേശം 600 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതാ പഠനങ്ങൾ നടത്തുക ഈ അഡ്വൈസറായിരിക്കും. ഏറ്റവും അനുയോജ്യമായ നിക്ഷേപ മാതൃക, വരുമാന പങ്കുവെക്കൽ രീതികൾ, പദ്ധതിയുടെ സാമ്പത്തിക ലാഭക്കണ്ണ് എന്നിവയെക്കുറിച്ച് വിശദമായ റിപ്പോർട്ട് ഇവർ തയ്യാറാക്കും. സ്വകാര്യ നിക്ഷേപം പരമാവധി ആകർഷിക്കാനുള്ള വഴികളും ഏജൻസി പരിശോധിക്കും.

സ്ഥലം കണ്ടെത്തി; കണക്റ്റിവിറ്റിയും ഗതാഗത സൗകര്യങ്ങളും പരിശോധിക്കും

നേരത്തെ പല സ്ഥലങ്ങളും പരിഗണിച്ചിരുന്നെങ്കിലും വെസ്റ്റ് ബെംഗളൂരുവിലെ നടപ്രഭു കെംപെഗൗഡ ലേഔട്ടിലെ ഭീമനകുപ്പ-ചല്ലഘട്ട ഭാഗത്തുള്ള 45 ഏക്കർ ഭൂമിയാണ് ഒടുവിൽ പദ്ധതിക്കായി നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയോടും മഗാഡി റോഡിനോടും ചേർന്നുനിൽക്കുന്ന ഇടമാണിത്. പ്രസ്തുത സ്ഥലത്ത് ഇത്രയും വലിയൊരു നിർമിതി സാധ്യമാണോ എന്നും റോഡ്, മെട്രോ സൗകര്യങ്ങൾ, സന്ദർശകരുടെ വരവ്, പാർക്കിങ്, പരിസ്ഥിതി-സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ കൃത്യമാണോ എന്നും ട്രാൻസാക്ഷൻ അഡ്വൈസർ വിശകലനം ചെയ്യും. സന്ദർശകരെ സ്ഥിരമായി ആകർഷിക്കുന്ന തരത്തിലുള്ള വലിയൊരു വിനോദസഞ്ചാര കേന്ദ്രമായി ബെംഗളൂരുവിലെ ഈ ആകാശഗോപുരത്തെ മാറ്റാനാണ് സർക്കാർ ഒരുങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts