ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കികൊണ്ടുള്ള ഭേദഗതി ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചു. എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 80,000 രൂപയാക്കി.
നിലവിൽ എംഎൽഎമാർക്ക് അലവൻസുകളടക്കം മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. പുതിയ ശമ്പള വർധനവോടെ ഇത് അഞ്ച് ലക്ഷം രൂപവരെ ആയി വർധിക്കും. രണ്ട് ലക്ഷത്തോളം രൂപയുടെ വർധനവാണ് ഉണ്ടായത്.
മുഖ്യമന്ത്രിയുടെ ശമ്പളം 75,000 രൂപയിൽ നിന്ന് ഒന്നരലക്ഷം രൂപയാക്കി വർധിപ്പിച്ചു.
മന്ത്രിമാരുടെ ശമ്പളം 60,000 രൂപയിൽ നിന്ന് ഒന്നേകാൽ ലക്ഷമാക്കി. സ്പീക്കർക്ക് അടിസ്ഥാന ശമ്പളം അരലക്ഷം രൂപ വർധിപ്പിച്ചു. ഇതോടെ ശമ്പളം 1.25 ലക്ഷം രൂപയായി.
സാമൂഹിക പദ്ധതികൾക്കുള്ള ധനസഹായം ഉൾപ്പെടെയുള്ളവയ്ക്ക് വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്നതിനിടെ ഇത്തരത്തിൽ ഒരു തീരുമാനം സിദ്ധരാമയ്യ സർക്കാർ കൈക്കൊള്ളുന്നത് വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.
എന്നാൽ ശമ്പള വര്‍ധനവിനെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ‘എല്ലാവർക്കും ജീവിക്കണം , സാധാരണക്കാരെപ്പോലെ നമ്മളും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ ഭാരവും വർധിച്ചു കൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു ആഭ്യന്തരമന്ത്രി ജി പരമേശ്വര ശമ്പള വർധനവിനെക്കുറിച്ച് പറഞ്ഞത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.