ബെംഗളൂരു : കർണാടകത്തിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ സംഭവിച്ച മാതൃമരണങ്ങളുടെ ഓഡിറ്റ് നടത്താൻ ഉത്തരവിട്ട് സർക്കാർ.
ഇതോടൊപ്പം ബല്ലാരിയിൽ അടുത്തിടെ സംഭവിച്ച മാതൃമരണങ്ങളുടെ ക്ലിനിക്കൽ പരിശോധനയും നടത്തും. കാരണം അഞ്ചുപേർ മരിച്ചതിൽ രണ്ടുപേർക്ക് എലിപ്പനിയുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു.
മെഡിക്കൽ അവഗണന തള്ളിക്കളയുന്നില്ലെന്നും ക്ലിനിക്കൽ പരിശോധനയിലൂടെ മാത്രമേ മരണം എലിപ്പനിമൂലമാണോ എന്ന് അറിയാൻസാധിക്കൂവെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
ഈവർഷം നവംബർവരെ സംസ്ഥാനത്ത് 348 മാതൃമരണങ്ങൾ സംഭവിച്ചതായാണ് വിവരം. ഓഡിറ്റ് നടത്തിയാൽ മരണങ്ങളുടെ യഥാർഥകാരണം അറിയാൻസാധിക്കും.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയണമെങ്കിൽ മാതൃമരണങ്ങളുടെ യഥാർഥകാരണം അറിയണമെന്നും മന്ത്രി പറഞ്ഞു.
ബല്ലാരി ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചുയുവതികളാണ് സിസേറിയനെത്തുടർന്ന് മരിച്ചത്.
സംഭവത്തിൽ അന്വേഷണക്കമ്മിറ്റിയുടെ റിപ്പോർട്ട് കാത്തിരിക്കുകയാണ് സർക്കാർ. ചിത്രദുർഗ ജില്ലാ ആശുപത്രിയിലും കഴിഞ്ഞദിവസം മാതൃമരണം റിപ്പോർട്ടുചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.