ബെംഗളൂരു: ബെല്ലാരിയിലെ സർക്കാരാശുപത്രിയില്‍ പ്രസവവാർഡില്‍ മൂന്നുദിവസത്തിനിടെ മരിച്ചത് അഞ്ച് അമ്മമാർ.
സിസേറിയൻ ശസ്ത്രക്രിയക്കുശേഷം നല്കിയ ഐ.വി.ഫ്ലൂയിഡ് ശരീരത്തിലെത്തിയ ശേഷമാണ് ഇവർക്കെല്ലാം ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നാണ് സൂചന.
ബംഗാള്‍ ആസ്ഥാനമായുള്ള പശ്ചിമബംഗാള്‍ ഫാർമസ്യൂട്ടിക്കല്‍ കമ്പനിക്കെതിരെ അന്വേഷണം നടക്കുകയാണ്.
ഏതാണ്ട് 34 സ്ത്രീകളാണ് ബെല്ലാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ ഈ സമയത്ത് പ്രസവത്തിനായി എത്തിയത്.
ഇവരുടെയെല്ലാം ആരോഗ്യനില വിശദമായി പരിശോധിച്ചുവരികയാണ്.
സിസേറിയനുപിന്നാലെ ആരോഗ്യം വഷളായ നാലുസ്ത്രീകള്‍കൂടി ചികിത്സയില്‍ കഴിയുന്നുണ്ട്.
ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്.
ബെലഗാവിയില്‍ തിങ്കളാഴ്ച തുടങ്ങിയ കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിലും വിഷയം ചർച്ചയായിട്ടുണ്ട്.
ബി.ജെ.പിയും ജെ.ഡി.എസും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്.
സംഭവത്തില്‍ ലോകായുക്ത ഇതിനകം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇവർ അമ്മമാരുടെ മരണങ്ങളില്‍ സ്വമേധയാ കേസെടുത്തത്.
ലോകായുക്ത എസ്.പി. എസ്. സിദ്ധരാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അന്വേഷണ സംഘം ആശുപത്രിയിലെ പ്രസവ വാർഡിലും തീവ്രപരിചരണ വിഭാഗത്തിലും മരുന്നുകള്‍ സംഭരിച്ചുവെക്കുന്നിടത്തും പരിശോധന നടത്തി.
ഏതാനും രേഖകള്‍ ശേഖരിച്ചു. ഗുണനിലവാരമില്ലാത്ത ഐ.വി.ഫ്ലൂയിഡാണിതെന്ന് പറയുന്നു.
ഇത് ആശുപത്രിയില്‍ വിതരണം ചെയ്ത പശ്ചിമബംഗാള്‍ ആസ്ഥാനമായ കമ്പനിയെ സർക്കാർ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.
സംഭവത്തില്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറെ സസ്പെൻഡും ചെയ്തിരുന്നു.
ഐ.വി.ഫ്ലൂയിഡിന്റെ സാംപിളുകള്‍ അന്വേഷണ സംഘം ശേഖരിച്ചു.
ബല്ലാരിയിലെ മാതൃമരണത്തില്‍ അന്വേഷണക്കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു.
സിസേറിയനെത്തുടർന്ന് അഞ്ച് സ്ത്രീകള്‍ മരിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ഡെവലപ്മെന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് രൂപവത്കരിച്ചിരിക്കുന്നത്.
ഐ.വി. ഫ്ലൂയിഡ് എത്തിക്കുന്ന കമ്പനിക്കെതിരേ നടപടിയെടുക്കാൻ ഡ്രഗ്സ് കണ്ട്രോളർ ജനറല്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ദുരന്തത്തിനിരയായ സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യമറിയിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.