ബെംഗളൂരു : കാത്തിരിപ്പിനൊടുവിൽ നമ്മ മെട്രോ യെല്ലോ ലൈനിൽ 2025 ജനുവരിയിൽ സർവീസ് തുടങ്ങിയേക്കും. ആദ്യഘട്ടത്തിൽ 30 മിനിറ്റ് ഇടവേളകളിൽ മൂന്നു മെട്രോ ട്രെയിനുകളാകും ഈ പാതയിൽ സർവീസ് നടത്തുക. ആർ.വി. റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരമാണ് യെല്ലോ ലൈനിൽ വരുന്നത്.
കരാർപ്രകാരം ഒരു മെട്രോ ട്രെയിൻ ചൈനയിൽനിന്ന് ബാക്കി പശ്ചിമ ബംഗാളിൽനിന്നുമാകും എത്തുക. ഈ പാതയിലേക്ക് ആകെ 36 മെട്രോ ട്രെയിനുകളാണ് നിശ്ചയിച്ചിരിക്കുന്നത്. 2025 ഓഗസ്റ്റോടെ ആറു കോച്ചുകളുള്ള 15 ട്രെയിനുകൾ എത്തിച്ചേരും.
കൂടുതൽ ട്രെയിനുകൾ ലഭ്യമാകുന്നതോടെയാകും സർവീസ് കൂടുതൽ കാര്യക്ഷമമാവുക. അത്യാധുനിക ഡ്രൈവർ രഹിത മെട്രോയാകും ഈ പാതയിൽ സർവീസ് നടത്തുക. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ജനുവരി ആദ്യം നടന്നേക്കും.
ആർ.വി. റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബി.ടി.എം. ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസ റോഡ്, ബെരട്ടേന അഗ്രഹാര, ഇലക്ട്രോണിക്‌സിറ്റി, കൊനപ്പന അഗ്രഹാര, ഹസ്‌കുർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് സ്റ്റേഷനുകൾ. മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകൾ പാതയിൽ ഉണ്ടാകും.
ഗ്രീൻ ലൈനുമായി ബന്ധിപ്പിക്കാൻ രാഷ്ട്രീയ വിദ്യാലയ റോഡ്, ജയദേവ മെട്രോ സ്റ്റേഷൻ, സെൻട്രൽ സിൽക്ക് ബോർഡ് മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലാകും ഇന്റർചേഞ്ച് സ്റ്റേഷനുകൾ.
ഡ്രൈവർ രഹിത മെട്രോയാണ് യെല്ലോ ലൈനിൽ ഉണ്ടാവുക. പാതയിൽ പരീക്ഷണ ഓട്ടം കഴിഞ്ഞ ജൂണിൽ ആരംഭിച്ചിരുന്നു. ട്രാക്ഷൻ ബ്രേക്ക്, മണൽച്ചാക്ക് വെച്ചുള്ള പരീക്ഷണം, സിഗ്നലിങ് പരീക്ഷണം എന്നിവയും നടത്തി.
ജനുവരി ആദ്യം റെയിൽ സുരക്ഷാ കമ്മിഷണർ പരിശോധന നടത്തി മെട്രോ സർവീസിന് അനുമതി നൽകും. 5745 കോടി രൂപയാണ് പാതയുടെ നിർമാണച്ചെലവ്. യെല്ലോ ലൈൻ കടന്നുപോകുന്ന റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെ 3.3 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട മേൽപ്പാലം അടുത്തിടെ സജ്ജമായിരുന്നു. പാലത്തിന്റെ മുകളിലത്തെ നിലയിലൂടെ മെട്രോയും താഴത്തെ നിലയിലൂടെ മോട്ടോർ വാഹനങ്ങളുമാണ് കടന്നു പോകുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.