ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി; രാജി സന്നദ്ധത അറിയിച്ച്‌ കെ സുരേന്ദ്രന്‍

പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്.

പാലക്കാട്ടെ തോല്‍വിയില്‍ ശോഭ സുരേന്ദ്രനെ അടക്കം കാരണക്കാരായി കാട്ടി കേന്ദ്ര നേതൃത്വത്തിന് അയച്ച കത്തിലാണ് സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചത്.

ശോഭയുടെ നേതൃത്വത്തില്‍ പലയിടത്തും വോട്ട് അട്ടിമറിച്ചെന്നു സുരേന്ദ്ര പക്ഷം ആരോപിക്കുന്നുണ്ട്. എന്നാല്‍, തത്കാലം രാജി വേണ്ടെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം അറിയിച്ചതെന്ന് സുരേന്ദ്ര പക്ഷം വ്യക്തമാക്കുന്നു.

പാലക്കാട് സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയാതിനു പിന്നില്‍ കെ സുരേന്ദ്രനായിരുന്നു. ഇതാണ് സന്ദീപ് വാര്യര്‍ പാര്‍ട്ടി വിടാനുള്ള പ്രധാന കാരണവും.

തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ അടക്കം ബിജെപി ശക്തികേന്ദ്രങ്ങളില്‍ വലിയതോതില്‍ പാര്‍ട്ടി വോട്ട് ചോര്‍ച്ചയുണ്ടായിരുന്നു.

ഇതോടെയാണ്, സുരേന്ദ്രന്‍ പ്രതിക്കൂട്ടിലായത്. പ്രചരണ രംഗത്തുനിന്ന് പ്രമുഖ നേതാകളെ അകറ്റി നിർത്തിയതാണ് സുരേന്ദ്രൻ നേരിടുന്ന മറ്റൊരു പ്രധാന ആരോപണം.

പാലക്കാട് പ്രാരംഭ പ്രവർത്തനങ്ങള്‍ക്കെത്തിയ കുമ്മനം രാജശേഖരനെ പ്രചരണത്തില്‍ അടുപ്പിച്ചില്ല. ഇ ശ്രീധരനും തിരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ പങ്കെടുത്തതൊഴിച്ചാല്‍ പ്രചരണത്തില്‍ കാര്യമായ സാന്നിധ്യം ഇല്ലായിരുന്നു.

പാലക്കാട്ടെ നഗര പ്രദേശങ്ങളില്‍ വോട്ട് നില ഉയര്‍ത്തി, പഞ്ചായത്തുകളിലെ പാർട്ടി വോട്ടുകള്‍ നിലനിര്‍ത്തിയാല്‍ ജയിക്കാമെന്നായിരുന്നു ബിജെപിയുടെ ധാരണ.

എന്നാല്‍ നഗരസഭയില്‍ കനത്ത തിരിച്ചടിയാണ് പാർട്ടിക്ക് നേരിട്ടത്. ഇ ശ്രീധരനെക്കാള്‍ 10671 വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് ഉണ്ടായത്.

ശോഭ സുരേന്ദ്രൻ മത്സരിച്ചിരുന്നെങ്കില്‍ ലഭിച്ചേക്കാമായിരുന്ന വ്യക്തിപരമായ വോട്ടുകള്‍ നഷ്ടമായതും പാരാജയത്തിന്റെ ആഘാതം കൂട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us