ദീപാവലി പടക്കങ്ങൾ പൊട്ടിച്ച് 145 ഓളം പേർക്ക് കണ്ണിന് പരിക്കേറ്റു; പലർക്കും നേത്ര ശസ്ത്രക്രിയ ആവശ്യം

ബെംഗളൂരു : ദീപാവലിയോടനുബന്ധിച്ച് പടക്കംപൊട്ടിച്ച് കണ്ണിനു പരിക്കേറ്റ് ചികിത്സതേടിയത് കുട്ടികളുൾപ്പെടെ 145 ഓളം പേർ.

ഒക്ടോബർ 31 മുതൽ ഞായറാഴ്ച വൈകീട്ട് അഞ്ചുവരെ നാരായണ നേത്രാലയയിൽ മാത്രം കണ്ണിനു പരിക്കേറ്റ് 73 പേരെയാണ് പ്രവേശിപ്പിച്ചത്.

ഇതിൽ 38 പേർ പ്രായപൂർത്തിയായവരാണ്. പത്തുവയസ്സിന് താഴയുള്ളവർ 14 പേർ. സ്വയം പടക്കംപൊട്ടിച്ച് പരിക്കേറ്റവർ 36 പേരും സമീപത്തുനിന്ന് പരിക്കേറ്റവർ 37 പേരുമാണ്.

മഹാലക്ഷ്മി ലേഔട്ടിൽ പടക്കം പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ 12 വയസ്സുകാരിയുടെ ഇടുതുകണ്ണിന് ഗുരുതരമായി പരിക്കേറ്റു.

ശസ്ത്രക്രിയക്കുശേഷം നിരീക്ഷണത്തിലാണ് കുട്ടി ഇപ്പോൾ. കണ്ണിന് പരിക്കേറ്റ് കണ്ണാശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരിൽ ഭൂരിഭാഗവും കുട്ടികളാണ്.

ഇതിൽത്തന്നെ പത്തുവയസ്സിനു താഴെയുള്ളവരാണ് അധികവും. പലരുടെയും പരിക്ക് ഗുരുതരമാണ്. ബോധവത്കരണം നടത്തിയിട്ടും പടക്കം പൊട്ടിക്കുമ്പോൾ കുട്ടികളെ രക്ഷിതാക്കൾ അശ്രദ്ധയോടെ വിടുന്നത് ആശങ്കാജനകമാണെന്ന് നാരായണ നേത്രാലയ ചെയർമാൻ രോഹിത്ത് ഷെട്ടി പറഞ്ഞു.

പടക്കം തീകൊളുത്തിയശേഷം എറിയാനുള്ള സമയം കിട്ടുന്നതിന് മുൻപുതന്നെ പൊട്ടിയാണ് പലർക്കും പരിക്കേറ്റിരിക്കുന്നത്.

അതേസമയം, കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ ചികിത്സതേടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെന്ന് ശേഖർ കണ്ണാശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. രാജശേഖർ പറഞ്ഞു.

അതിനിടെ, നിയമം ലംഘിച്ച് പടക്കംപൊട്ടിച്ചതിന് നഗരത്തിന്റെ വിവിധഭാഗങ്ങളിലായി അറുപതോളം കേസുകൾ പോലീസ് രജിസ്റ്റർചെയ്തു.

നഗരത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഇടുങ്ങിയ വഴികളിൽ അശ്രദ്ധയോടെ പടക്കം പൊട്ടിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നതായി പരാതിയുണ്ട്.

ആളുകൾ നടന്നുപോകുന്നത് ശ്രദ്ധിക്കാതെയാണ് പലരും വലിയ പടക്കങ്ങൾ കത്തിച്ച് റോഡിലേക്കെറിയുന്നത്. ഇതേച്ചൊല്ലി വാക്കേറ്റവും ഉണ്ടായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us