ബെംഗളൂരു : കർണാടക ബി.ജെ.പി.യിൽ സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയോടുള്ള മുതിർന്ന നേതാക്കളുടെ അതൃപ്തിയും പ്രതിഷേധവും വീണ്ടും പുറത്തേക്ക്.
മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനും പാർട്ടിയിൽ താരതമ്യേന ജൂനിയറുമായ വിജയേന്ദ്ര സംസ്ഥാന പ്രസിഡന്റായതിലുള്ള പ്രതിഷേധമാണ് മുതിർന്ന നേതാക്കളിൽ അണയാതെ നിൽക്കുന്നത്.
വിജയേന്ദ്ര തങ്ങളുടെ നേതാവല്ലെന്നും അദ്ദേഹത്തെ അംഗീകരിക്കാനാവില്ലെന്നും മുൻ മന്ത്രി രമേഷ് ജാർക്കിഹോളി പരസ്യമായി നിലപാട് വ്യക്തമാക്കി.
വിജയേന്ദ്ര അഴിമതി നടത്തുന്നയാളാണെന്നും രമേഷ് ജാർക്കിഹോളി തുറന്നടിച്ചു. പുതിയ സംസ്ഥാന പ്രസിഡന്റിനെ ദേശീയ നേതൃത്വം തിരഞ്ഞെടുക്കണമെന്നും ജാർക്കിഹോളി പറഞ്ഞു.
മുതിർന്ന നേതാക്കളെ തഴഞ്ഞാണ് വിജയേന്ദ്രയെ പാർട്ടി സംസ്ഥാന പ്രസിഡന്റാക്കിയതെന്ന് നേരത്തേതന്നെ ആക്ഷേപമുയർന്നതാണ്. പാർട്ടി ദേശീയനേതൃത്വത്തിൽ യെദ്യൂരപ്പ പിടിമുറുക്കിയാണ് മകനെ സംസ്ഥാന പ്രസിഡന്റാക്കിയതെന്നായിരുന്നു ആരോപണം.
മുൻമന്ത്രി ബസനഗൗഡ പാട്ടീൽ യത്‌നൽ ഉൾപ്പെടെയുള്ള നേതാക്കളും വിജയേന്ദ്രയ്ക്കെതിരെ തിരിഞ്ഞു. നേതാക്കളെ ഒരുമിച്ചു കൊണ്ടുപോകാൻ വിജയേന്ദ്രയ്ക്ക് കഴിയുന്നില്ലെന്നും ആരോപണമുണ്ടായി.
ഒട്ടേറെ അവസരങ്ങളുണ്ടായിട്ടും സർക്കാരിനെതിരേ ശക്തമായി സമരം നടത്താൻ പാർട്ടിക്ക് കഴിയുന്നില്ലെന്ന് യത്‌നൽ പരസ്യമായി വിമർശനമുന്നയിച്ചിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിക്കൂട്ടിലായ ‘മുഡ’ ഭൂമിയിടപാട് ആരോപണത്തിൽ പാർട്ടി നടത്തിയ മൈസൂരു ചലോ പദയാത്രയ്ക്ക് സമാന്തരമായി വടക്കൻ കർണാടകത്തിൽ യാത്ര നടത്താൻ ഇടഞ്ഞുനിൽക്കുന്ന നേതാക്കൾ നിശ്ചയിച്ചിരുന്നു.
ദേശീയ നേതൃത്വം ഇടപെട്ടതിനെത്തുടർന്നാണ് യാത്രയുമായി മുന്നോട്ടു പോകാതിരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.