സംസ്ഥാനത്തെ ഏഴു ജില്ലകളിൽ കുടിവെള്ളം : യെത്തിനഹോളെ കുടിവെള്ള പദ്ധതി ആദ്യഘട്ടത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു

Siddaramaiah

ബെംഗളൂരു : കർണാടകത്തിലെ ഏഴു ജില്ലകളിൽ കുടിവെള്ളമെത്തിക്കുന്ന യെത്തിനഹോളെ കുടിവെള്ളപദ്ധതിയുടെ ആദ്യഘട്ടം ഹാസൻ ജില്ലയിലെ സകലേശ്പുരിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു.

പശ്ചിമഘട്ടത്തിലെ അരുവികൾക്കു കുറുകെ തടയണ നിർമിച്ച് വെള്ളം ഏഴു ജില്ലകളിലെത്തിക്കുന്നതാണ് പദ്ധതി. വഴിതിരിച്ചുവിടുന്ന 24.01 ടി.എം.സി. അടി വെള്ളത്തിൽ 14.056 ടി.എം.സി. അടി വെള്ളം കുടിവെള്ളാവശ്യത്തിനും ബാക്കി വെള്ളം 527 തടാകങ്ങൾ നിറയ്ക്കാനും ഉപയോഗിക്കും.

പദ്ധതി പൂർത്തിയാകുന്നതോടെ ഹാസൻ, ചിക്കമഗളൂരു, തുമകൂരു, ചിക്കബെല്ലാപുര, കോലാർ, ബെംഗളൂരു റൂറൽ, രാമനഗര ജില്ലകളിലെ 6657 ഗ്രാമങ്ങളിലും 38 നഗരങ്ങളിലും 29 താലൂക്കുകളിലും പ്രയോജനം ലഭിക്കും.

സകലേശ്പുരിനടുത്ത ഹെബ്ബനഹള്ളിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി കെ.എച്ച്. മുനിയപ്പ, വ്യവസായ മന്ത്രി എം.ബി. പാട്ടീൽ, സഹകരണ മന്ത്രി കെ.എൻ. രാജണ്ണ, ചെറുകിട ജലസേചനമന്ത്രി ബോസ് രാജു, മഞ്ജു എം.എൽ.എ., മുൻ മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി തുടങ്ങിയവർ പങ്കെടുത്തു.

വിശ്വേശ്വരായ ജല നിഗം ലിമിറ്റഡ് (വി.ജെ.എൻ.എൽ.) ആണ് യെത്തിനഹോളെ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. 23,251.66 കോടി രൂപയാണ് ആകെ പദ്ധതിയുടെ ചെലവ്. ഇതിൽ 16,152.05 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. 2027-ഓടെ പദ്ധതി പൂർണമായി യാഥാർഥ്യമാക്കാനാണ് ശ്രമിക്കുന്നത്.

2014-ൽ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയാണ് പദ്ധതിയുടെ തറക്കല്ലിട്ടത്. പത്തുവർഷത്തിന് ശേഷം സിദ്ധരാമയ്യതന്നെ ഉദ്ഘാടനം ചെയ്തതോടെ യെത്തിനഹോളെ പദ്ധതി കോൺഗ്രസിന് രാഷ്ട്രീയ നേട്ടമാവുകയാണ്. പദ്ധതി ഉദ്ഘാടനംചെയ്തതോടെ ഹെബ്ബനഹള്ളിയിലെ നാല് ചേംബറുകളിൽനിന്ന് വെള്ളംഒഴുകാൻ തുടങ്ങി. ഈ വെള്ളം 32.50 കിലോമീറ്റർ അകലെയുള്ള കനാലുകളിൽ എത്തിക്കും.

ഇവിടെനിന്ന് വെള്ളം 132 കിലോമീറ്റർ അകലെയുള്ള ചിത്രദുർഗ ജില്ലയിലെ വാണി വിലാസ് സാഗർ അണക്കെട്ടിലെത്തിക്കും.

വെള്ളം വാണി വിലാസ് സാഗർ അണക്കെട്ടിലെത്തുന്നതിന് മുൻപ്‌ ഹലെബിഡു, ബെൽവാടി എന്നീ തടാകങ്ങളിൽ നിറയും. അടുത്ത 60 ദിവസത്തേക്ക് 1,500 ക്യുസെക്സ് വെള്ളം പമ്പ് ചെയ്ത് വാണിവിലാസ് സാഗർ അണക്കെട്ടിൽ അഞ്ച് ടി.എം.സി. വെള്ളം നിറയ്ക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us