നഗരവികസനത്തിന് ഇനി വേണ്ടത് 55,586 കോടി രൂപ

ബെംഗളൂരു : അടുത്ത അഞ്ചുവർഷത്തേക്ക് ബെംഗളൂരുവിലെ വികസന പ്രവർത്തനങ്ങൾക്കായി 55,586 കോടി രൂപ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ 16-മത് ധനകാര്യ കമ്മിഷനെ അറിയിച്ചു.

ബെംഗളൂരുവിൽ നടന്ന 16-മത് ധനകാര്യ കമ്മിഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ധനകാര്യ കമ്മിഷൻ ചെയർമാൻ അരവിന്ദ് പനഗാരിയയും അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

ബെംഗളൂരുവിലെ വികസനത്തിനായി ധനകാര്യ കമ്മിഷനോട് മുഖ്യമന്ത്രി 27,793 കോടി രൂപ ആവശ്യപ്പെട്ടു.

ബ്രാൻഡ് ബെംഗളൂരുവിന് കീഴിൽ 48,686 കോടി രൂപ ചെലവിൽ ബെംഗളൂരുവിന് ദീർഘകാല അടിസ്ഥാന സൗകര്യവികസന പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സിദ്ധരാമയ്യ പറഞ്ഞിരുന്നു.

കല്യാണ കർണാടക മേഖലയ്ക്കും മുഖ്യമന്ത്രി ഫണ്ട് ആവശ്യപ്പെട്ടു. സംസ്ഥാനം 25,000 കോടി രൂപ മേഖലയിൽ നിക്ഷേപിക്കുന്നുണ്ടെന്നും അടുത്ത അഞ്ചു വർഷത്തേക്ക് ധനകാര്യ കമ്മിഷനും തുല്യ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുള്ള പശ്ചിമഘട്ടത്തിലെ ദുരന്തലഘൂകരണത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി 10,000 കോടി രൂപ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പതിനഞ്ചാം ധനകാര്യകമ്മിഷൻ കാലയളവിലെ കർണാടകത്തിനുള്ള കേന്ദ്ര വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായതിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

പതിനഞ്ചാം ധനകാര്യ കമ്മിഷൻ കർണാടകത്തിനുള്ള വിഹിതം 4.7 ശതമാനത്തിൽനിന്ന് 3.6 ശതമാനമായി കുറച്ചിരുന്നു. ഇതിനാൽ 68,275 കോടി രൂപയുടെ നഷ്ടമുണ്ടായി.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ കർണാടകം പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ദേശീയ ജി.ഡി.പി.യിൽ കർണാടകം 8.4 ശതമാനം സംഭാവന ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us