മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യം ഇല്ല; കഴക്കൂട്ടത്ത് നിന്നും കാണാതായ കുട്ടി സിഡബ്ല്യൂ സി സംരക്ഷണയിൽ 

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തല്‍ക്കാലം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയുടെ (സി ഡബ്ല്യൂ സി) സംരക്ഷണയില്‍ തുടരും.

മാതാപിതാക്കള്‍ക്കൊപ്പം പോകാൻ താല്‍പര്യമില്ലെന്നും സി ഡബ്ല്യൂ സിയില്‍ നിന്ന് പഠിക്കണമെന്നും കുട്ടി ആവശ്യപ്പെട്ടതായി ചെയർപേഴ്‌സണ്‍ ഷാനിബ ബീഗം അറിയിച്ചു.

അമ്മ ജോലി ചെയ്യിപ്പിച്ചതിനാലും അടിച്ചതിനാലുമാണ് വീടുവിട്ടിറങ്ങിയതെന്ന് കുട്ടി പറഞ്ഞതായും ഷാനിബ ബീഗം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുമായി സംസാരിച്ചു. ട്രെയിനില്‍ വേറെ പ്രശ്നങ്ങള്‍ ഒന്നുമുണ്ടായില്ല.

ട്രെയിനില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ ബിരിയാണി വാങ്ങിക്കൊടുത്തു.

അത് കഴിച്ച്‌ കിടന്ന് ഉറങ്ങുമ്പോഴാണ് വിശാഖപട്ടണത്തില്‍ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്.

കുട്ടിയ്ക്ക് അസാമിലേക്ക് പോകാൻ താല്‍പര്യമില്ല.

കേരളത്തില്‍ തന്നെ തുടരനാണ് താല്‍പര്യം.

കുട്ടിക്കും മാതാപിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കും’,- ഷാനിബ ബീഗം വ്യക്തമാക്കി.

കുട്ടിയെ സി ഡബ്ല്യൂ സിയുടെ നേതൃത്വത്തില്‍ രക്ഷിതാക്കളെ കാണിച്ചു.

വിശാഖപ്പട്ടണത്തെ സി ഡബ്ല്യൂ സിയുടെ ഒബ്‌സർവേഷൻ ഹോമിലായിരുന്ന കുട്ടിയെ മലയാളി സമാജം പ്രവർത്തകരുടെ സാന്നിദ്ധ്യത്തില്‍ ശനിയാഴ്ചയാണ് കേരള പോലീസിന് കൈമാറിയത്.

കഴക്കൂട്ടം എസ്.ഐ വി.എസ്. രഞ്ജിത്ത്, വനിതാ പോലീസുകാരായ ശീതള്‍, ചിന്നു, പോലീസ് ഉദ്യോഗസ്ഥൻ റെജി എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയുമായി എത്തിയത്.

കാണാതായി 37 മണിക്കൂറിന് ശേഷമാണ് വിശാഖപ്പട്ടണത്ത് നിന്നും 13കാരിയെ കണ്ടെത്തിയത്.

മാതാപിതാക്കളുമായി പിണങ്ങി കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടി ട്രെയില്‍ കയറി സ്വദേശമായ അസാമിലേക്കായിരുന്നു പോകാൻ ശ്രമിച്ചത്.

തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിയിലേക്ക് പോയ ട്രെയിനിലെ യാത്രക്കാരി പകർത്തിയ ചിത്രമാണ് കേസില്‍ നിർണായകമായത്.

തുടർന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കുട്ടിക്കായുള്ള തെരച്ചില്‍ നടത്തി.

ഒടുവിലാണ് വിശാഖപ്പട്ടണത്ത് നിന്നും കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us