പരീക്ഷകളിൽ ആൾമാറാട്ടം തടയാൻ കർണാടക എക്സാമിനേഷൻസ് അതോറിറ്റി എ.ഐ. സാങ്കേതികവിദ്യ ഉപയോഗിക്കും; വിശദാംശങ്ങൾ

ബെംഗളൂരു : കർണാടകത്തിൽ വിവിധ സർക്കാർവകുപ്പുകളിലേക്കുള്ള പരീക്ഷകളിൽ ആൾമാറാട്ടം നടത്തുന്നത് തടയാൻ നിർമിതബുദ്ധി (എ.ഐ.) സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങി കർണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ.).

ആദ്യം ജൂലായ് മുതൽ സെപ്റ്റംബർവരെ മൂന്നു വകുപ്പുകളിലേക്ക് നടക്കാനിരിക്കുന്ന പരീക്ഷകളിലാണ് എ.ഐ. ഉപയോഗിക്കുന്നത്.

കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, കർണാടക അർബൻ വാട്ടർസപ്ലൈ ആൻഡ് ഡ്രെയിനേജ് ബോർഡ്, ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നീ വകുപ്പുകളിലേക്കാണ് പരീക്ഷ നടക്കുന്നത്.

ഭാവിയിലെ എല്ലാ മത്സര പരീക്ഷകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അനുമതിക്കായി സർക്കാരിന് നിർദേശം സമർപ്പിച്ചിട്ടുണ്ടെന്ന് കെ.ഇ.എ. അധികൃതർ പറഞ്ഞു.

വിരലടയാളവും മുഖംതിരിച്ചറിയാനുള്ള സംവിധാനവുമാണ് ആൾമാറാട്ടം തടയാൻ പ്രധാനമായും ഉപയോഗിക്കുന്നത്. പരീക്ഷാസമയത്തും നിയമനനടപടിസമയത്തും ഉദ്യോഗാർഥി ഒരാൾ തന്നെയാണെന്ന് ഉറപ്പുവരുത്താൻ ഇത് ഉപകരിക്കും.

ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്തും പരീക്ഷാദിവസവും എടുക്കുന്ന ചിത്രത്തിലെ വ്യക്തി ഒരാൾ തന്നെയാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് മുഖം തിരിച്ചറിയലിനുള്ള പരിശോധന നടത്തുന്നത്.

ഉദ്യോഗാർഥികളുടെ റോൾ നമ്പർ, ഫോട്ടോ, പരീക്ഷാതീയതി തുടങ്ങിയ എല്ലാവിവരങ്ങളും കർണാടക പരീക്ഷാ അതോറിറ്റി നിയമനം നടത്തുന്ന കമ്പനികൾക്ക് നൽകും.

ആദ്യമായാണ് കർണാടക പരീക്ഷാ അതോറിറ്റി നിർമിതബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്

മുൻവർഷങ്ങളിൽ വിവിധ സർക്കാർവകുപ്പുകളിലേക്ക് നടന്ന പരീക്ഷകളിൽ ക്രമക്കേടുകൾ നടന്നിരുന്നു. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതുന്നത് വ്യാപകമായിരുന്നു.

നിർമിതബുദ്ധി ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്ത് വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (വി.എ.ഒ.) തസ്തികയിലേക്കുള്ള 1000 ഒഴിവുകളിലേക്ക് ആറുലക്ഷം ഉദ്യോഗാർഥികൾ അപേക്ഷ അയച്ചു.

ഒക്ടോബർ 27-നാണ് പരീക്ഷ . ഈ പരീക്ഷയ്ക്കും സർക്കാരിന്റെ അനുമതി ലഭിച്ചാൽ നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് കെ.ഇ.എ. അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us