ബെംഗളൂരു : സംസ്ഥാനത്ത് ആദ്യമായി മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റിന്റെ നിർമാണം രാമനഗര ജില്ലയിലെ ബിഡദിയിൽ പൂർത്തിയായി വരുന്നു.
ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) സഹകരണത്തോടെ കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ് (കെ.പി.സി.എൽ.) ആണ് പ്ലാന്റ് സ്ഥാപിക്കുന്നത്.
പ്ലാന്റിൽ പരീക്ഷണപ്രവർത്തനത്തിന് ഒരുങ്ങാൻ ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷാർ ഗിരനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പത്തേക്കർ സ്ഥലത്താണ് 260 കോടിരൂപ ചെലവിൽ പ്ലാന്റ് യാഥാർഥ്യമാക്കുന്നത്. ദിവസേന 11.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ശേഷി പ്ലാന്റിനുണ്ടാകും.
ദിവസേന 600 ടൺ ഖരമാലിന്യം പ്ലാന്റിൽനിന്ന് വൈദ്യുതിയാക്കി മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഖരമാലിന്യത്തിന്റെ 25 ശതമാനം ശാസ്ത്രീയമായും സുസ്ഥിരവുമായ രീതിയിൽ നശിപ്പിക്കാൻ ഈ പ്ലാന്റ് ബി.ബി.എം.പി.യെ സഹായിക്കും.
പ്ലാന്റിൽനിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി രണ്ടുലക്ഷം വീടുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്ലാന്റ് സ്ഥാപിക്കുന്നത് കെ.പി.സി.എൽ. ആണെങ്കിലും മാലിന്യം കൈകാര്യംചെയ്യേണ്ടത് ബി.ബി.എം.പി.യാണ്. മാലിന്യം പ്ലാന്റിൽ എത്തിക്കേണ്ട ചുമതല ബി.ബി.എം.പി.ക്കായിരിക്കും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഖരമാലിന്യം കുന്നുകൂടിക്കിടക്കുന്നത് ഒഴിവാക്കാൻ ഈ പ്ലാന്റ് സഹായിക്കും.
മാലിന്യം പ്ലാന്റിൽ ശരിയായരീതിയിൽ നിക്ഷേപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് തുഷാർ ഗിരിനാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
2020 ഡിസംബറിലാണ് പ്ലാന്റിന്റെ ശിലാസ്ഥാപനം നടന്നത്. 24 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കേണ്ടതായിരുന്നു.
എന്നാൽ, കോവിഡ് മഹാമാരി കാരണം നിർമാണപ്രവർത്തനങ്ങൾ വൈകി. നീണ്ട ഇടവേളയ്ക്കുശേഷം 2022-ലാണ് നിർമാണപ്രവർത്തനം പുനരാരംഭിച്ചത്.
ബിഡദിയിലെ പ്ലാന്റ് വിജയകരമായാൽ സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളിലും പ്ലാന്റ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.