ബെംഗളൂരു : ലൈംഗികപീഡനക്കേസിൽപ്പെട്ട ജെ.ഡി.എസ്. എം.പി. പ്രജ്ജ്വൽ രേവണ്ണയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ഹാസനിൽ വൻ പ്രതിഷേധം സംഘടിപ്പിക്കും.
ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പീപ്പിൾസ് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. രാവിലെ 10.30-ന് ഹേമാവതി പ്രതിമയ്ക്കുമുന്നിൽനിന്ന് റാലിയാരംഭിക്കും.
തുടർന്ന് സമ്മേളനം നടക്കും. എഴുത്തുകാരി രൂപ ഹാസൻ, ആക്ടിവിസ്റ്റുകളായ മമത ശിവു, സുവർണ ശിവപ്രസാദ്, ഇന്ദ്രമ്മ, പ്രമീള, ഡോ. ഭാരതി രാജശേഖർ, ഡോ. രംഗലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകും.
പ്രതിഷേധത്തിൽ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്ന് ഇവർ വാർത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. പ്രജ്ജ്വൽ തന്റെ പദവി ദുരുപയോഗംചെയ്ത് ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്നും വീഡിയോ ക്ലിപ്പുകൾ രാഷ്ട്രീയപ്പാർട്ടികൾ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിച്ചുവെന്നും രൂപ ഹാസൻ പറഞ്ഞു.
വീഡിയോ ചിത്രീകരിച്ചവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റുചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.