ഒരുമാസത്തിനിടെ സംസ്ഥാനത്ത് ഉണ്ടായത് പത്ത് കൊലപാതകങ്ങൾ; ചോദ്യചിഹ്നമായി ക്രമസമാധാനം

death

ബെംഗളൂരു : കർണാടകത്തിൽ തുടർച്ചയായി കൊലപാതകങ്ങൾ നടക്കുന്നത് ആശങ്കയുളവാക്കുന്നു. ഒരുമാസത്തിനിടെ പത്ത് കൊലപാതകങ്ങൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നടന്നു.

പ്രണയപ്പകയെത്തുടർന്നുള്ള കൊലപാതകങ്ങളാണ് അധികവും. ഹുബ്ബള്ളിയിൽ അടുപ്പിച്ച് രണ്ടു കൊലപാതകങ്ങളാണ് നടന്നത്.

ഒരു കൊലപാതകത്തിന് പിന്നിൽ ലവ് ജിഹാദ് ആരോപിച്ച് ബി.ജെ.പി. രംഗത്തെത്തിയിരുന്നു. ബെംഗളൂരുവിലും ബെലഗാവിയിലും കുടകിലുമാണ് കഴിഞ്ഞദിവസങ്ങളിൽ കൊലപാതകങ്ങളുണ്ടായത്.

സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നെന്നും കോൺഗ്രസ് സർക്കാരിന്റെ കീഴിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്നും ബി.ജെ.പി. ആരോപിച്ചു.

ഹുബ്ബള്ളിയിൽ കോൺഗ്രസ് കോർപ്പറേറ്റുടെ മകളെ കോളേജ് കാംപസിൽ കുത്തിക്കൊന്നതാണ് ഏറെ കോളിളക്കമുണ്ടാക്കിയത്. ബി.വി.ബി. കോളേജിൽ ഒന്നാംവർഷ എം.സി.എ. വിദ്യാർഥിനിയായ നേഹ ഹിരെമത്തിനെയാണ് (21) കൊലപ്പെടുത്തിയത്.

ഇതിൽ പ്രതിയായ ബെലഗാവി മുനവള്ളി സ്വദേശി ഫയസിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. സംഭവത്തിനുപിന്നിൽ ലവ് ജിഹാദ് ആരോപിച്ച് ബി.ജെ.പി. രംഗത്തെത്തിയതോടെ കൊലപാതകം രാഷ്ട്രീയചർച്ചയായി മാറുകയായിരുന്നു.

ഹുബ്ബള്ളിയിൽ മറ്റൊരുസംഭവത്തിൽ വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് 21-കാരിയെ യുവാവ് വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

വീരപുര ഒനിയിൽ മോഹൻ അംബിഗെരെയുടെ മകൾ അഞ്ജലി അംബിഗെരെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവറായ ഗിരീഷ് സാവന്തിനെ (21) പോലീസ് അറസ്റ്റുചെയ്തു.

വിവാഹം തടസ്സപ്പെട്ടതിന്റെ നിരാശയിൽ യുവാവ് പതിനാറുകാരിയുടെ തലയറത്തതാണ് സംസ്ഥാനത്തെ ഞെട്ടിച്ച മറ്റൊരു കൊലപാതകം.

കുടക് സോമവാർപേട്ട സുർലബ്ബി സ്വദേശി മീനയെ ആണ് ഹമ്മിയാല ഗ്രാമത്തിലെ എം. പ്രകാശ് (32) കഴുത്തറത്ത് കൊലപ്പെടുത്തിയത്.

അറത്തെടുത്ത തലയുമായി ഒളിവിൽപ്പോയ പ്രകാശിനെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും മരിച്ചത് പ്രകാശല്ലെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു.

ബെലഗാവിയിൽ സഹോദരിയുടെ കാമുകനെ യുവാവ് സ്‌ക്രൂഡ്രൈവറുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത് കഴിഞ്ഞദിവസമാണ്.

ഗാന്ധിനഗർ സ്വദേശി ഇബ്രാഹിം ഗൗസ് (22) ആണ് കൊല്ലപ്പെട്ടത്. പ്രദേശവാസിയായ മുസമിൽ ആണ് ഇബ്രാഹിമിനെ ആക്രമിച്ചത്.

ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിനിയെ വീട്ടിൽ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയിൽ വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.

സുബ്രമണ്യപുര സ്വദേശി പ്രഭുധ്യ (20) ആണ് മരിച്ചത്. ഇതും കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം.

വടക്കൻ കർണാടകത്തിലെ ഗദഗിൽ ഒരുകുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടത് ഏപ്രിൽ 18-നായിരുന്നു. ഇതിൽ മൂന്നുപേർ ആളുമാറി കൊല്ലപ്പെടുകയായിരുന്നു.

സ്വത്ത് തർക്കത്തിന്റെപേരിൽ ബന്ധുതന്നെയാണ് കൊലയ്ക്കുപിന്നിലെന്ന് പോലീസ് പിന്നീട് കണ്ടെത്തി.

ബെംഗളൂരു ജെ.പി. നഗറിലെ പാർക്കിൽ പെൺസുഹൃത്തിനെ യുവാവ് കുത്തിക്കൊലപ്പെടുത്തിയതും ഏപ്രിലിലാണ്. തുടർന്ന് യുവതിയുടെ അമ്മ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയിരുന്നു.

ജെ.പി. നഗർ സ്വദേശികളായ അനുഷ്‌ക (25), സുരേഷ് (42) എന്നിവരാണ് കൊല്ലപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us