ബെംഗളൂരു : നഗരത്തിലെ എട്ടുസോണുകളിലും ദുരന്തപ്രതികരണ സേനായൂണിറ്റുകൾ രൂപവത്കരിക്കാൻ ബെംഗളൂരു കോർപ്പറേഷൻ.
ഒരുമാസത്തിനുള്ളിൽ യൂണിറ്റുകളുടെ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായാണ് നടപടി.
അതത് സോണൽ ഓഫീസുകളുമായി ബന്ധപ്പെട്ടായിരിക്കും ദുരന്തപ്രതികരണ സേനായൂണിറ്റുകൾ പ്രവർത്തിക്കുക. രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങളും ബോട്ടുകളും യൂണിറ്റുകളിലുണ്ടാകും.
കഴിഞ്ഞ മഴക്കാലത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായിരുന്നു. കോർപ്പറേഷൻ മഴക്കെടുതി നേരിടാൻ മുന്നൊരുക്കം നടത്തിയില്ലെന്ന ആരോപണവും അന്ന് ഉയർന്നിരുന്നു.
ഇത്തവണ ഇത്തരം പരാതികൾക്കിടനൽകാതിരിക്കാനുള്ള പ്രവർത്തനങ്ങളാണ് അധികൃതർ നടത്തുന്നത്.
കടപുഴകുന്ന മരങ്ങൾ മുറിച്ചുനീക്കാൻ പ്രത്യേക സംഘങ്ങളെ ഇതിനോടകം കോർപ്പറേഷൻ നിയോഗിച്ചു.
മരം വീണത് അറിയിക്കാൻ പ്രത്യേക ഹെൽപ്പ്ലൈൻ നമ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്.
വെള്ളക്കെട്ടുണ്ടാകുന്നത് തടയാൻ നഗരത്തിലെ കനാലുകൾ ശുചീകരിച്ച് തടസ്സങ്ങളൊഴിവാക്കുന്ന പ്രവൃത്തിയും തുടങ്ങി. 22-നുള്ളിൽ ഈ പ്രവൃത്തി പൂർത്തിയാക്കാനാണ് എക്സിക്യുട്ടീവ് എൻജിനിയർമാർക്ക് ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് നൽകിയ നിർദേശം.
വേനൽമഴയിൽ വെള്ളക്കെട്ടുണ്ടായ 150 -ഓളം പ്രദേശങ്ങളിൽ പ്രത്യേക സംവിധാനങ്ങളൊരുക്കാനും നിർദേശിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.