ബെംഗളൂരു: കലബുറഗിയിൽ മരുമകനുവേണ്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തിരഞ്ഞെടുപ്പു പ്രചാരണം.
കോൺഗ്രസ് സ്ഥാനാർഥി രാധാകൃഷ്ണ ദൊഡ്ഡമണിക്കുവേണ്ടി മണ്ഡലത്തിലെ മൂന്നിടങ്ങളിൽ തിങ്കളാഴ്ച ഖാർഗെയുടെ പ്രചാരണ റാലി നടന്നു.
സേദം ടൗണിൽ നടന്ന റാലിയിൽ ഖാർഗെക്കൊപ്പം പ്രിയങ്കാ ഗാന്ധിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ചേർന്നു.
മോദി സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്തോളം രാജ്യത്തെ പാവപ്പെട്ടവർക്കും ദുർബലർക്കും നീതി ലഭ്യമാകില്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ പാവപ്പെട്ടവർക്കെതിരും സമ്പന്നർക്ക് അനുകൂലവുമാണെന്നും കുറ്റപ്പെടുത്തി.
ജനങ്ങൾക്കും ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരാണെന്നും വിമർശിച്ചു.
ജനങ്ങളുടെ സ്വത്ത് ഏറ്റെടുത്ത് പുനർവിതരണം നടത്തുമെന്ന് കോൺഗ്രസ് പ്രകടന പത്രികയെ നരേന്ദ്രമോദി മനഃപൂർവം ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും ഖാർഗെ പറഞ്ഞു.
തൊഴിലില്ലായ്മയും കർഷക പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാത്ത മോദിസർക്കാർ ഏതാനും വ്യവസായികൾക്കുവേണ്ടി മാത്രമാണ് അനുകൂലമെന്നും പറഞ്ഞു.
എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, മന്ത്രിമാരായ ശരണപ്രകാശ് പാട്ടീൽ, പ്രിയങ്ക് ഖാർഗെ എന്നിവരും സംബന്ധിച്ചു.
മണ്ഡലത്തിലെ ഗുർമിത്കൽ, കമലാപുര എന്നിവിടങ്ങളിലെ റാലികളിലും ഖാർഗെ സംബന്ധിച്ചു. റാലികളിൽ ഒട്ടേറെ പേർ പങ്കെടുക്കാനെത്തി.
മല്ലികാർജുൻ ഖാർഗെയുടെ തട്ടകമാണ് കലബുറഗി. രണ്ട് തവണ ഇവിടെനിന്ന് എം.പി.യുമായി. പക്ഷേ, കഴിഞ്ഞ തവണ ബി.ജെ.പി.യോട് പരാജയപ്പെട്ടു.
ഇത്തവണ മരുമകനായ രാധാകൃഷ്ണയെയാണ് രംഗത്തിറക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.