ബെംഗളൂരു: പാര്‍ട്ട് ടൈം ജോലി തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍.
തമിഴ്നാട് ആമ്പൂര് സ്വദേശി രാജേഷ് (21), ബെംഗളൂരു കുറുമ്പനഹള്ളി ചക്രധര്‍ (36), എന്നിവരെയാണ് എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പോലീസ് ബെംഗളൂരുവില്‍ നിന്ന് പിടികൂടിയത്.
പാര്‍ട്ട് ടൈം ജോലിയുടെ ഭാഗമായി യൂട്യൂബ് ലൈക്ക് ചെയ്യുന്നതുവഴി വരുമാനം നേടാൻ ആയിരം രൂപ നിക്ഷേപിച്ചാല്‍ വൻ തുക വരുമാനം ലഭിക്കുമെന്ന വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.
സൈബര്‍ പോലീസ് സ്റ്റേഷൻ നടത്തിയ പ്രാഥമിക പരിശോധനയില്‍ അമ്പതോളം അക്കൗണ്ടുകളില്‍ നിന്ന് 250 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
കേസില്‍ ബെംഗളൂരു വിദ്യാര്‍ണപുര സ്വാഗത് ലേ ഔട്ട് ശ്രീനിലയത്തില്‍ മനോജ് ശ്രീനിവാസിനെ (33) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മനോജിന്റെ സഹായിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന ചക്രധര്‍.
പറവൂര്‍ സ്വദേശികളായ സ്മിജയില് നിന്ന് ഏഴ് ലക്ഷത്തോളം രൂപയും ബിനോയിയില്‍ നിന്ന് പതിനൊന്ന് ലക്ഷത്തോളം രൂപയുമാണ് സംഘം തട്ടിയത്.
പാര്‍ട്ട് ടൈം ജോലിയുടെ ഭാഗമായി യൂ ട്യൂബ് ലൈക്ക് ചെയ്യുന്നതുവഴി വരുമാനം ലഭിക്കുമെന്നും ആയിരം രൂപ നിക്ഷേപിച്ചാല്‍ വൻ തുക വരുമാനം ലഭിക്കുമെന്നുമാണ് ഇവര്‍ക്ക് ലഭിച്ച വാഗ്ദാനം.
ആദ്യഘട്ടം എന്ന നിലയില്‍ ചെറിയ തുകകള്‍ തട്ടിപ്പുസംഘം പ്രതിഫലം, ലാഭം തുടങ്ങിയവയുടെ പേരില്‍ കൈമാറും.
തുടര്‍ന്ന് വിശ്വാസം ജനിപ്പിച്ച ശേഷം വലിയ തുകകള്‍ നിക്ഷേപിപ്പിക്കും.
ഇതിന്റെ ലാഭം തിരികെ ലഭിക്കുന്നതിനായി ജി.എസ്.ടി, മറ്റ് ടാക്സുകള്‍ എന്നിങ്ങനെ കൂടുതല്‍ തുകകള്‍ വാങ്ങി കബളിപ്പിക്കുകയാണ് പതിവ്.
ഈ തട്ടിപ്പ് നടത്തുന്നതിനായി സാധാരണക്കാരെക്കൊണ്ട് മനോജ് കറന്റ് അക്കൗണ്ട് എടുപ്പിക്കും.
ഈ അക്കൗണ്ട് ഇവരറിയാതെ കൈകാര്യം ചെയ്യുന്നത് മനോജും സംഘവുമായിരിക്കും.
പിടിക്കപ്പെട്ടാല്‍ അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനാണ് സംഘം ഇങ്ങനെ ചെയ്യുന്നത്.
ഇതിലേക്കാണ് ജോലി വാഗ്ദാനം ചെയ്ത് പറ്റിക്കപ്പെടുന്നവര്‍ പണം നിക്ഷേപിക്കുന്നത്.
ഒരു ദിവസം ആയിരത്തിലേറെ ഇടപാടുകള്‍ ഒരു അക്കൗണ്ട് വഴി മാത്രം നടന്നിട്ടുണ്ട്.
ദുബായില്‍ ജോലിചെയ്യുന്ന കെവിൻ, ജെയ്സൻ എന്നിങ്ങനെ രണ്ടു പേരെ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടുവെന്നും അവര്‍ പങ്കാളികളായിട്ടാണ് തട്ടിപ്പ് ആരംഭിച്ചതെന്നുമാണ് പ്രതി പോലീസിനോടു പറഞ്ഞത്.
എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഈ പേരുകളും അക്കൗണ്ടും വ്യാജമാണെന്നും ചൈനയില്‍നിന്ന് ഓപ്പറേറ്റ് ചെയ്യുന്നതെന്നുമാണ് വ്യക്തമായത്.
അക്കൗണ്ട് വഴി ലഭിക്കുന്ന തുക ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിക്കുകയാണ് പതിവ്.
പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ആളുകളെയാണ് പണം ഇടപാടിന് തിരഞ്ഞെടുക്കുന്നത്.
അക്കൗണ്ടില്‍ തുക വരുന്നതും പോകുന്നതും ഇവര്‍ അറിയാറില്ല.
രാജേഷിന്റെ അക്കൗണ്ട് വഴി രണ്ട് ദിവസം കൊണ്ട് മാത്രം പത്ത് കോടിയിലേറെ രൂപയുടെ ഇടപാടാണ് നടന്നിട്ടുള്ളത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.