ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം? റോഡ് സുരക്ഷാ നടപടികൾ അവലോകനം ചെയ്ത് എഡിജിപി

inspection bengaluru mysuru express way

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി അലോക് കുമാർ ബെംഗളൂരു സൗത്ത് താലൂക്കിലെ ബാബാസാഹിബാപാല്യയ്‌ക്ക് സമീപമുള്ള എക്‌സ്‌പ്രസ് വേയിൽ പരിശോധന നടത്തി.

ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള കുമ്പളഗോഡു മുതൽ രാമനഗര വരെയുള്ള ഭാഗത്താണ് പരിശോധന. കഴിഞ്ഞ മാസങ്ങളിൽ എക്‌സ്‌പ്രസ് വേയിൽ അപകടങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. ഇവിടെ അഞ്ച് മാസത്തിനുള്ളിൽ 105 വ്യക്തികൾക്ക് ജീവൻ നഷ്ടപ്പെടുകയും 250 അപകട കേസുകൾ രേഖപ്പെടുത്തുകയും ചെയ്തു.

അമിതവേഗത, അശ്രദ്ധമായ വാഹനമോടിക്കൽ, അശാസ്ത്രീയ നിർമാണം, സൂചനാബോർഡുകളുടെ അഭാവം തുടങ്ങി നിരവധി കാരണങ്ങളാണ് അപകടങ്ങൾ വർധിച്ചുവരുന്നതിന് കാരണമായി ആരോപിക്കപ്പെടുന്നത്.

എഡിജിപി അലോക് കുമാറിനൊപ്പം എൻഎച്ച്എഐ (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ), പിഡബ്ല്യുഡി (പൊതുമരാമത്ത് വകുപ്പ്), ആർടിഒ (റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്), ആരോഗ്യ ഉദ്യോഗസ്ഥർ, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ബിആർ രവികാന്തഗൗഡ, രാമനഗര പൊലീസ് സൂപ്രണ്ട് കാർത്തിക് റെഡ്ഡി എന്നിവരും ഉണ്ടായിരുന്നു.

മണ്ഡ്യയ്ക്ക് സമീപം എതിർദിശയിൽ നിന്ന് അശ്രദ്ധമായി ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരൻ തന്റെ നേരെ അതിവേഗം പാഞ്ഞ് അടുക്കുന്ന വീഡിയോ എക്‌സ്‌പ്രസ് വേയിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു കാർ ഡ്രൈവർ ട്വിറ്ററിൽ പങ്കുവെച്ചതിനെ തുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചത്.

വീഡിയോയ്‌ക്ക് വ്യാപകമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ലഭിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട എഡിജിപി അലോക് കുമാർ, ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ട്വീറ്റ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് മോട്ടോർ സൈക്കിൾ യാത്രക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സ്‌പ്രസ്‌വേയിൽ ഇരുചക്രവാഹനങ്ങളുടെ സഞ്ചാരം നിരോധിക്കാൻ എൻഎച്ച്‌എഐ ആലോചിക്കുന്നതിനിടെയാണ് ബൈക്ക് അപകടങ്ങൾ മൂലമുള്ള മരണങ്ങളുടെ റിപ്പോർട്ടുകൾ വരുന്നതെന്ന് വൃത്തങ്ങൾ മാധ്യമങ്ങളോടെ പറഞ്ഞു. ബൈക്കുകൾക്കും ഓട്ടോ റിക്ഷകൾ പോലെയുള്ള വേഗത കുറഞ്ഞ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയ ഔദ്യോഗിക ഉത്തരവ് ഉടൻ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു.

പട്രോളിങ് വർധിപ്പിക്കുക, അമിതവേഗതയ്‌ക്കെതിരെ ബോധവൽക്കരണം നടത്തുക തുടങ്ങിയ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് രാമനഗർ എസ്പി എഡിജിപിയെ അറിയിച്ചു. എന്നിരുന്നാലും, എക്‌സ്‌പ്രസ് വേ സുരക്ഷിതമാക്കാൻ സ്‌പീഡ് ക്യാമറകൾ സ്ഥാപിക്കൽ, സിസിടിവി നിരീക്ഷണം, സൈൻ ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതും വേഗപരിധി പാലിക്കേണ്ടതും ആവശ്യമാണെന്നും എൻഎച്ച്എഐ അധികൃതർ എക്‌സ്‌പ്രസ് വേയുടെ സൈനേജുകളും നിർമാണവും മെച്ചപ്പെടുത്തണമെന്നും എഡിജിപി ചൂണ്ടിക്കാട്ടി. മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗപരിധിയാണ് എക്‌സ്‌പ്രസ് വേയ്‌ക്ക് ഉള്ളതെങ്കിലും പല ഡ്രൈവർമാരും ഈ പരിധി കവിയുന്നുണ്ടെന്ന് എൻഎച്ച്എഐ അധികൃതർ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us