കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കുനേരെ നടന്നത് നടുക്കുന്ന അക്രമം. പോലീസുകാരെയെല്ലാം ആക്രമിച്ച ശേഷമാണ് പ്രതി വനിതാ ഡോക്ടർക്കുനേരെ തിരിഞ്ഞതെന്ന് ദൃക്സാക്ഷി പറഞ്ഞു. കൊല്ലപ്പെട്ട ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശി വന്ദന ദാസിന് (23) അക്രമിയിൽനിന്ന് ആറു കുത്തുകളേറ്റു. കഴുത്തിലും മുതുകിലുമായാണ് കുത്തേറ്റത്. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് അക്രമണം നടത്തിയത്.
സംഭവത്തെക്കുറിച്ച് ദൃക്സാക്ഷി പറയുന്നത്:
ബഹളം കേട്ടാണ് ആശുപത്രിയിലേക്ക് താൻ എത്തിയത്. ഹോം ഗാർഡിനെ ഇടിക്കുന്നതു തടയാൻ ശ്രമിച്ചപ്പോൾ അക്രമി കത്രികകൊണ്ടു തനിക്കുനേരെ വീശി. അപ്പോഴത്തേക്കും ഹോം ഗാർഡിനു കുത്തേറ്റിരുന്നു. ഹോം ഗാർഡ് തറയിൽ വീണതോടെ ഓടിയെത്തിയ എസ്ഐയെയും ഇയാൾ ആക്രമിച്ചു. എസ്ഐ ഉരുണ്ടുമാറി രക്ഷപ്പെട്ടു. ഇതു കേട്ടാണ് എയ്ഡ് പോസ്റ്റിലെ പോലീസുകാരൻ എത്തുന്നത്. അദ്ദേഹത്തിൻ്റെ തലയ്ക്കും കുത്തേറ്റു. ഇതോടെ എല്ലാവരും ഓടിരക്ഷപ്പെടുകയും മുൻവാതിൽ അടക്കുകയും ചെയ്തു.
ഡോക്ടറും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ചുപേർക്ക് കുത്തേറ്റു:
സ്റ്റാഫുകളെ താൻ മുറിയിൽ പൂട്ടിയിട്ടു. എന്നാൽ ഹൗസ് സർജൻ മാത്രം പുറത്തായിപ്പോയി. ഇതു കണ്ട പ്രതി ഡോക്ടറെ തള്ളിയിടുകയും തലയുടെ ഭാഗത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. മറ്റൊരു ഹൗസ് സർജൻ ഓടിയെത്തി പ്രതിയുടെ കാലിനു പിടിച്ചുവലിച്ചു. വനിതാ ഡോക്ടർ എഴുന്നേറ്റപ്പോഴേക്കും മുതുകിൽ തുരുതുരാ കുത്തി. ഉടൻ തന്നെ ഡോക്ടറെ മാറ്റി. കൂടുതൽ പോലീസ് എത്തിയപ്പോഴേക്കും പ്രതി കത്രിക വലിച്ചെറിഞ്ഞു. ഇതോടെ ബാക്കിയുള്ളവരെല്ലാം കൂടി ചേർന്ന് ഇയാളെ പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിയായ ചെറുകരക്കോണം സ്വദേശി സന്ദീപ് നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ്. ഡീ അഡിക്ഷൻ സെന്ററിൽനിന്ന് ഇറങ്ങിയ ആളാണ് സന്ദീപ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.