ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ലിവര്‍പൂള്‍. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. കോടി ഗ്യാപ്‌കോ, ഡാര്‍വിന്‍ നൂനെസ്, മുഹമ്മദ് സലാ എന്നിവരുടെ ഇരട്ടഗോള്‍ കരുത്തിലാണ് ലിവര്‍പൂള്‍ കൂറ്റന്‍ ജയം സ്വന്തമാക്കിയത്.
പരിശീലകന്‍ എറിക് ടെന്‍ ഹാഗിനു കീഴില്‍ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദയനീയമായ തോല്‍വികളിലൊന്നാണ് ആന്‍ഫീല്‍ഡില്‍ എഴുതിച്ചേര്‍ത്തത്. ലീഗില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ലിവര്‍പൂളും, യുണൈറ്റഡും ഒപ്പത്തിനൊപ്പമാണ് തുടങ്ങിയത്. എന്നാല്‍ 43ാം മിനിറ്റില്‍ കോടി ഗ്യാപ്‌കോയിലൂടെ ലിവര്‍പൂള്‍ ലീഡെടുത്തതോടുകൂടി കളിയുടെ ഗതി മാറി. രണ്ടാം പകുതി ആരംഭിച്ച് യുണൈറ്റഡ് കാലുറപ്പിക്കും മുന്നേ പ്രതിരോധത്തിലെ പിഴവുകള്‍ മുതലാക്കി ഡാര്‍വിന്‍ നൂനസ് ലിവര്‍പൂളിന്റെ ലീഡുയര്‍ത്തി. സലായില്‍ നിന്ന് പന്തെടുത്ത് ഗ്യാപ്‌കോ ഒരിക്കല്‍ കൂടി ലക്ഷ്യം കണ്ടു.
66ാം മിനിറ്റില്‍ അവസരം മുതലാക്കി സലായും സ്‌കോര്‍ ബോര്‍ഡില്‍ പേര് ചേര്‍ത്തു. ഈ ഗോളോടെ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ യുണൈറ്റഡിനെതിരെ ഗോള്‍ നേടുന്ന ലിവര്‍പൂള്‍ താരം എന്ന റെക്കോര്‍ഡും സലാ തന്റെ പേരിലാക്കി. ജോര്‍ദന്‍ ഹെന്‍ഡേര്‍സിന്റെ ക്രോസിന് ഹെഡറിലൂടെ മികച്ച ഫിനിഷിംഗ് നല്‍കി നൂനെസ് മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. 83ാം മിനിറ്റില്‍ സല വീണ്ടും വല കുലുക്കിയതോടെ സ്‌കോര്‍ബോര്‍ഡില്‍ ലിവര്‍പൂളിന്റെ ഗോള്‍ നേട്ടം ആറായി. നിശ്ചിത സമയം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ റോബെര്‍ട്ടോ ഫിര്‍മിനോയിലൂടെ ഒരിക്കല്‍ കൂടി ലിവര്‍പൂള്‍ യുണൈറ്റഡിനു മേല്‍ പ്രഹരമേല്‍പിച്ചു. യുണൈറ്റഡിന്റെ ചരിത്രത്തിലെ തന്നെ നാലാമത്തെ ഏറ്റവും വലിയ തോല്‍വിയാണിത്.
1926ല്‍ ബ്ലാക്ക് ബേണ്‍ റോവേഴ്‌സിനോടും 1930ല്‍ ആസ്റ്റണ്‍ വില്ലയോടും 1931ല്‍ വൂള്‍വറാംപ്ടണ്‍ വാണ്ടറേഴ്‌സിനോടും യുണൈറ്റഡ് 7-0ത്തിന്റെ തോല്‍വി വഴങ്ങിയിട്ടുണ്ട്. കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് തുടരും. ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്താണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.