ബെംഗളൂരു: സെപ്തംബറിൽ ഉഡുപ്പി ജില്ലയിലെ കുക്കെഹള്ളിയിൽ 22 കാരൻ ആത്മഹത്യ ചെയ്തതായി സംശയിച്ച മരണമാണ് പോലീസ് വിശദമായ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞത്. സെപ്തംബർ 14 ന് കുക്കെഹള്ളിക്കും ബജെയ്ക്കുമിടയിലുള്ള വനമേഖലയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കൃതിക് ജെ സാലിയൻ എന്ന യുവാവിനെ കണ്ടെത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൂട്ടത്തിൽ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
എന്നാൽ, യുവാവിന്റെ അക്കൗണ്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപ പിൻവലിച്ചതിൽ സംശയം തോന്നിയ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സാലിയനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി, പ്രതി മരിച്ചയാളുടെ അകന്ന ബന്ധുവായ ദിനേഷ് സഫാലിഗ (44) ആണെന്ന് തിരിച്ചറിഞ്ഞു. മുംബൈയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന സഫാലിഗ സാലിയനിൽ നിന്ന് 9 ലക്ഷം രൂപ പല സമയങ്ങളിലായി വാങ്ങിയെങ്കിലും തുക തിരിച്ചടച്ചില്ല.
സാലിയൻ ഒരു സ്ത്രീയുമായി പ്രണയത്തിലാണെന്നും അവളെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്നും അറിഞ്ഞ പ്രതി ഇയാളെ ഒഴിവാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. തുടർന്ന് ഒരു ആത്മഹത്യ നാടകം അവതരിപ്പിക്കാൻ സഫാലിഗ സാലിയനെ പ്രേരിപ്പിക്കുകയും, അത് ക്യാമറയിൽ ചിത്രീകരിക്കുകയും വിവാഹത്തിന് സമ്മതം വാങ്ങുന്നതിനായി യുവതിക്ക് അയയ്ക്കുകയും ചെയ്യണം എന്നാണ് സഫാലിഗ സാലിയനെ പറഞ്ഞു ധരിപ്പിച്ചത്.
തുടർന്ന് ആത്മഹത്യാക്കുറിപ്പ് എഴുതി പാന്റിന്റെ പോക്കറ്റിൽ ഇടാൻ ആവശ്യപ്പെടുകായും സാലിയനെ ബജെയ്ക്ക് സമീപമുള്ള കൊക്കെഹള്ളിയിലെ വനമേഖലയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. മരത്തിന്റെ കൊമ്പിൽ നിന്ന് കുരുക്ക് ഇറക്കിയ പ്രതി സാലിയന്റെ കഴുത്തിൽ കുരുക്ക് ഇട്ടു. ഇത് വ്യാജപ്രവൃത്തിയാണെന്ന് സാലിയനെ വിശ്വസിപ്പിക്കാൻ താഴെ കല്ലുകൾ പാകി. സാലിയന്റെ കഴുത്തിൽ കുരുക്ക് വീണതോടെ പ്രതി കല്ലുകൾ നീക്കി ഇങ്ങനെ സാലിയൻ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. പ്രതി ദിനേശ് സഫാലിഗ അറസ്റ്റിലായി. ഹിരിയഡ്ക പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.