പണം നഷ്ടപ്പെട്ടു, ഉപഭോക്താവിന് 1.02 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി

ബെംഗളൂരു : എ ടി എം വഴി നഷ്ടപ്പെട്ട തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തിരികെ നല്‍കാത്തതിന് ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിന് 1,02,700 രൂപ പിഴയടക്കാന്‍ കര്‍ണാടകയിലെ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

2020 നവംബര്‍ 28-ന്, ധാര്‍വാഡില്‍ നിന്നുള്ള അഭിഭാഷകനായ സിദ്ധേഷ് ഹെബ്ലി തന്റെ ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് അകൗണ്ടില്‍ നിന്ന് എടിഎം ഉപയോഗിച്ച്‌ 500 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചു. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി സന്ദേശം ലഭിച്ചെങ്കിലും എടിഎമില്‍ നിന്ന് പണം വന്നിരുന്നില്ല.

പിന്നീട് അടുത്തുള്ള എടിഎമില്‍ പോയി 500 രൂപ പിന്‍വലിച്ചു. എന്നിരുന്നാലും, ആദ്യത്തെ ഇടപാടിലെ 500 രൂപ അക്കൗണ്ടിലേക്ക് തിരികെ വന്നില്ല. ഡിസംബര്‍ രണ്ടിന് അദ്ദേഹം ബാങ്കിന്റെ ബ്രാഞ്ച് മാനജരോട് ഇതേ കുറിച്ച്‌ പരാതിപ്പെട്ടു. എന്നാല്‍ ഹെബ്ലി നല്‍കിയ പരാതിയില്‍ ബ്രാഞ്ച് മാനേജര്‍ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. അതിനെ തുടര്‍ന്ന് ബാങ്കിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ധാര്‍വാഡിലെ ജില്ലാ ഉപഭോക്തൃ കമീഷനില്‍ സിദ്ധേഷ് ഹെബ്ലി പരാതി നല്‍കി.

കേസ് പരിഗണിച്ച ഉപഭോക്തൃ കോടതി ചെയര്‍മാന്‍ ഈശപ്പ ഭൂട്ടെ, അംഗങ്ങളായ വിഎ ബോലഷെട്ടി, പിസി ഹിരേമത്ത് എന്നിവര്‍ പരാതി പരിശോധിച്ച്‌ സത്യമാണെന്ന് കണ്ടെത്തി. ഒരു എടിഎം പണം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍, സംഭവം നടന്ന തീയതി മുതല്‍ ആറ് ദിവസത്തിനകം അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യണമെന്നും ആറ് ദിവസത്തിന് ശേഷമുള്ള ഏത് കാലതാമസവും, ഉപഭോക്താവിന് കാലതാമസത്തിന്റെ കാലയളവിന് പ്രതിദിനം 100 രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ധാര്‍വാഡിലെ സപ്താപൂരിലുള്ള ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ബ്രാഞ്ച് മാനജര്‍, ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച്‌ വീഴ്ച വരുത്തിയതായി കമ്മീഷന്‍ വിധിച്ചു. ‘പരാതിക്കാരന് ലഭിക്കാനുള്ള 500 രൂപയും 677 ദിവസം വൈകിയതിന് 67,700 രൂപ റിസര്‍വ് ബാങ്ക് സര്‍കുലര്‍ പ്രകാരം 2020 നവംബര്‍ 28 മുതല്‍ എട്ട് ശതമാനം പലിശ സഹിതം പ്രതിദിനം 100 രൂപ നിരക്കില്‍ നല്‍കണം. കൂടാതെ സേവനത്തിലെ അപാകത മൂലം പരാതിക്കാരിക്കുണ്ടായ ദുരിതത്തിനും മാനസിക പീഡനത്തിനും 25,000 രൂപയും കേസിന്റെ ചിലവായി 10,000 രൂപയും ചേര്‍ത്ത് മൊത്തം നഷ്ടപരിഹാരം 1,02,700 രൂപ വിധി വന്ന് 30 ദിവസത്തിനകം കൈമാറണം’, ധാര്‍വാഡ് ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us