തൃശ്ശൂർ: മണ്ണുത്തി ദേശീയപാതയിലെ കുഴികൾ 48 മണിക്കൂറിനകം അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി തൃശൂർ ജില്ലാ കളക്ടർ ദേശീയപാത അതോറിറ്റിക്ക് നോട്ടീസ് നൽകി. കുഴികൾ അടച്ചുവെന്ന് ഉറപ്പാക്കിയ ശേഷം നോട്ടീസിന് മറുപടി നൽകാനാണ് നിർദേശം. ദേശീയപാതയിൽ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കളക്ടർ ഹരിത വി കുമാർ ഹൈക്കോടതിക്ക് കൈമാറി.
ദേശീയപാതയിലെ കുഴികളിൽ വീണ് അപകടങ്ങൾ തുടർച്ചയായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കളക്ടർ ഹരിത വി കുമാർ കഴിഞ്ഞ ദിവസം ദേശീയപാതയിൽ പരിശോധന നടത്തിയിരുന്നു. കരാർ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാണിച്ചാണ് കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. റോഡിലെ കുഴി 48 മണിക്കൂറിനുള്ളിൽ അടച്ച് പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ എൻഎച്ച്എഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ദേശീയപാതയിൽ ഇപ്പോൾ നടക്കുന്ന കുഴിയടയ്ക്കൽ പ്രഹസനമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.