ആത്മക്കളുടെ സന്തോഷത്തിനായി 30 വർഷം മുൻപ് മരിച്ച രണ്ടു പേരെ കുടുംബംഗങ്ങൾ വിവാഹം കഴിപ്പിച്ചു

ബെംഗളൂരു: വിചിത്രമെന്ന് തോന്നാവുന്ന പലതും ചിലര്‍ ഇന്നും ആചാരമായി നടത്തി വരുമ്പോൾ കേള്‍ക്കുന്നവരില്‍ അത് അമ്പരപ്പ് ഉണ്ടാക്കും.

അത്തരത്തിലൊരു വാര്‍ത്തയാണ് കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും വരുന്നത്. കര്‍ണാടകയിൽ മരണത്തിന് ശേഷവും ആളുകള്‍ക്ക് വിവാഹിതരാകാം എന്നതാണ് ആ വാർത്ത.  മരണത്തിന് ശേഷം രണ്ട് പേര്‍ തമ്മില്‍ നടക്കുന്ന അത്തരം വിവാഹങ്ങളെ പ്രേത വിവാഹങ്ങള്‍ എന്നാണ് വിളിക്കുന്നത്. കേള്‍ക്കുമ്പോൾ തീര്‍ത്തും വിചിത്രമായി തോന്നാം.

അത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച രണ്ടുപേരെ വിവാഹം കഴിപ്പിച്ചിരിക്കുകയാണ് കുടുംബാംഗങ്ങള്‍. ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ ആര്‍ഭാടമായി നടത്തുമായിരുന്നോ, അതുപോലെ എല്ലാ ചടങ്ങുകളോടും കൂടിയാണ് പ്രേതവിവാഹം നടന്നത്.

ശോഭ, ചന്ദപ്പ എന്നിവരുടെ വിവാഹം ആണ് കഴിഞ്ഞ ദിവസം നടന്നത്. അവര്‍ മരണപ്പെട്ടിട്ട് 30 വര്‍ഷങ്ങള്‍ കഴിഞ്ഞു. ആനി അരുണ്‍ എന്ന യൂട്യൂബറാണ് ഈ വിചിത്രമായ വിവാഹത്തിന്റെ വിശദാംശങ്ങള്‍ ട്വിറ്ററില്‍ പങ്കു വച്ചത്. ‘ഞാന്‍ ഇന്ന് ഒരു വിവാഹത്തില്‍ പങ്കെടുത്തു. എന്തുകൊണ്ടാണ് ഇത് ട്വീറ്റ് ചെയ്യാന്‍ കാരണമെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. കാരണം ഇതില്‍ വരന്‍ മരിച്ചു. വധുവും മരിച്ചു. ഏകദേശം 30 വര്‍ഷം മുമ്പ് . എന്നാല്‍ അവരുടെ വിവാഹം ഇന്നാണ്’ ആനി അരുണ്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ ഈ വിവാഹങ്ങള്‍ അത്ര സിമ്പിൾ അല്ല എന്നദ്ദേഹം പറയുന്നു.

മരിച്ചവരുടെ വിവാഹമായത് കൊണ്ട് തന്നെ ആകെ ശോകമൂകമാകും അന്തരീക്ഷം എന്ന് ധരിക്കരുതെന്നും അദ്ദേഹം പറയുന്നു. മറ്റേതൊരു വിവാഹത്തേയും പോലെ അത് സന്തോഷകരമാണ്. എല്ലാവരും തമാശകള്‍ പറഞ്ഞ് ചിരിച്ച്‌ ഉല്ലസിച്ചാണ് അത് ആഘോഷിക്കുന്നതെന്ന് അരുണ്‍ പറയുന്നു. ഒടുവില്‍ വിവാഹശേഷം കുടുംബത്തിലെ എല്ലാവരും വന്ന് നവദമ്പതികളെ  ആശീര്‍വദിക്കുന്നു. അതേസമയം, കുട്ടികള്‍ക്കും അവിവാഹിതര്‍ക്കും വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ അനുവാദമില്ല എന്നതും ഈ ചടങ്ങിന്റെ പ്രത്യേകതയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us