ബെംഗളൂരു: കേരളമടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് മെത്താഫിറ്റാമിന്‍, ഹെറോയിന്‍ എന്നിവയടക്കമുള്ള മയക്കുമരുന്നുകള്‍ മൊത്തമായി വിതരണം ചെയ്യത് വന്നിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ മുഖ്യകണ്ണി ബെംഗളൂരു വില്‍ നിന്നും പോലീസിന്‍റെ പിടിയിലായി.
ബെംഗളൂരുവിലെ സര്‍ജാപുരം എന്ന സ്ഥലത്തു നിന്ന് ഘാന സ്വദേശിയായ ക്രിസ്റ്റ്യന്‍ ഉഡോ (28) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 55 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെത്തി.
മൂന്നാഴ്ച മുമ്പ് കൊല്ലം സ്വദേശിയായ അജിത് എന്ന യുവാവിനെ 52 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് അജിത്തുമായി ബെംഗളൂരുവിൽ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ 17ന് പാലക്കാട് സ്വദേശിയായ അന്‍വര്‍ എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടേയും മറ്റും അടിസ്ഥാനത്തില്‍ ഘാനയില്‍നിന്നുള്ള ബാബജോണ്‍ എന്നറിയപ്പെടുന്ന ആളാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് വ്യക്തമായതോടെയാണ് ഇയാളെ കണ്ടെത്താന്‍ ജൂൺ 24 ന് പോലീസ് സംഘം ബെംഗളൂരുവിൽ എത്തിയത്. ആഫ്രിക്കക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ക്രിസ്റ്റ്യന്‍ ഉഡോ നേരത്തെയും മയക്കുമരുന്ന് കേസില്‍ പ്രതിയായിട്ടുള്ളതാണെന്ന് വ്യക്തമായി. അപകടകാരിയായ പ്രതിയെ കടുത്ത ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടര്‍, ജിമ്മി ജോസ്, ശരത് ചന്ദ്രന്‍, എ.എസ്.ഐമാരായ ഷാജിമോന്‍ നന്ദകുമാര്‍, എസ്.പി.സി.ഒമാരായ രാജീവ്, സാജന്‍ എന്നിവരടങ്ങിയ സംഘമാണ് ബെംഗളൂരുവിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ക്രിസ്റ്റ്യന്‍ ഉഡോയുടെ ഫോണ്‍ പരിശോധിച്ചതില്‍ ഇയാള്‍ ഒരു മാസം കേരളത്തിലേക്ക് കുറഞ്ഞത് 50 ലക്ഷം രൂപയുടെ എം.ഡി.എം.എ കച്ചവടം നടത്തിയിരുന്നു എന്നാണ് വ്യക്തമാകുന്നതെന്ന് പോലീസ് അറിയിച്ചു. സിനിമാ മേഖലയിലെയും പ്രഫഷനല്‍ വിദ്യാര്‍ഥികളുടെയും ഒരു സംഘം തന്നെ ഇയാളുടെ ഇടപാടുകാരുടെ പട്ടികയില്‍ ഉണ്ട്. ഇയാളുടെ അറസ്റ്റോടെ കേരളത്തിലേക്കുള്ള എം.ഡി.എം.എയുടെ ഒഴുക്ക് വളരെയധികം കുറക്കാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.