ബെംഗളൂരു: കര്‍ണാടക ബെംഗളൂരുവിലെ ബിജെപി നേതാവ് അനന്തരാജു ആത്മഹത്യ ചെയ്തത് ഹണി ട്രാപ്പില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണെന്ന് പോലീസ് റിപ്പോർട്ട്.
രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്നാണ് കെണിയൊരുക്കിയതെന്ന് അനന്തരാജുവിന്റെ ഭാര്യ പോലീസിൽ പരാതി നൽകി.
മെയ് 12ന് ബൈദരഹള്ളിയിലെ സ്വവസതിയിലാണ് അനന്തരാജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കണ്ടെത്തി.
സംഭവത്തില്‍ ആരോപണ വിധേയരായവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കെആര്‍ പുരം സ്വദേശികളായ രേഖ, ഭര്‍ത്താവ് വിന്‍ഡോ, ഇവരുടെ സുഹൃത്ത് സ്പന്ദന എന്നിവരാണിത്.
അനന്തരാജു ഫേസ്ബുക്കിലൂടെ ഒരു സ്ത്രീയെ പരിചയപ്പെടുകയും പിന്നീട് അവരെ കാണുകയും സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ആ സമയത്ത് സ്ത്രീ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. വ്യവസായി അനന്തരാജു പലപ്പോഴായി പണം നല്‍കിയെങ്കിലും പിന്നീടും പണം ആവശ്യപ്പെട്ട് ഭീഷണിയുണ്ടായി. പണം തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ ബിജെപി നേതൃത്വത്തെ കാണിക്കുമെന്നായിരുന്നു ഭീഷണി. അത്തരമൊരു സാഹചര്യത്തെ ഭയപ്പെട്ട അനന്തരാജു ജീവനൊടുക്കുകയായിരുന്നു, പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അനന്തരാജു ആരോഗ്യപ്രശ്‌നങ്ങളാല്‍ വലഞ്ഞ് ജീവിതമവസാനിപ്പിച്ചെന്നാണ് അര്‍ധസഹോദരന്‍ മനോജ് ആദ്യഘട്ടത്തില്‍ പോലീസിൽ മൊഴി നൽകിയത്. ബിബിഎംപി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അനന്തരാജു.