കോളേജ് വിദ്യാർത്ഥികളെ ക്രിസ്തുമതത്തിലേക്ക് ആകർഷിപ്പിച്ചെന്നാരോപിച്ച് യുവാവിന് മർദ്ദനം

ബെംഗളൂരു: നഗരത്തിലെ കോളേജിന് പുറത്ത് ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്നാരോപിച്ച് കർണാടകയിലെ ഹാസനിൽ വലതുപക്ഷ പ്രവർത്തകർ യുവാവിനെ ആക്രമിച്ചു. പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്ത് ക്രിസ്ത്യൻ വിശ്വാസം സ്വീകരിക്കാൻ കോളേജ് വിദ്യാർത്ഥികളെ യുവാവ്

പ്രലോഭിപ്പിച്ചതിനെ തുടർന്ന് സർക്കാർ കോളേജ് പരിസരത്തെ വയലിൽ വെച്ച് വലതുപക്ഷ പ്രവർത്തകർ യുവാവിനെ ആക്രമിക്കുകയായിരുന്നു. എന്നാൽ ഏൽപ്പിച്ച ജോലി മാത്രമാണ് താൻ ചെയ്യുന്നതെന്ന് പറഞ്ഞ് ദയ അഭ്യർത്ഥിക്കുമ്പോഴും യുവാവിനെ പ്രവർത്തകർ തല്ലുന്നതായുള്ള വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കൂടാതെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബജരംഗി ഹിന്ദു പരിഷത്ത് എന്ന സംഘടനയുടെ താലൂക്ക് പ്രസിഡന്റ് യുവാവിനും ഭാര്യയ്ക്കും എതിരെ ഹാസൻ സിറ്റി പോലീസിൽ പരാതിയും നൽകി. ഹാസൻ നഗരത്തിലെ വനിതാ സർക്കാർ കോളേജ് കാമ്പസിനു സമീപം മനു ധനഞ്ജയ് എന്നയാൾ മതപരമായ പുസ്തകങ്ങൾ വിതരണം ചെയ്യുന്നതായി പ്രദേശവാസികളായ യുവാക്കളാണ് വിവരം അറിയിച്ചതെന്ന് സംഘടനയുടെ പ്രാദേശിക പ്രസിഡന്റ് സുഷിത് കുമാർ ഹാസൻ സിറ്റി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

ദമ്പതികളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തതായി ഹാസൻ സിറ്റി പോലീസ് അറിയിച്ചു. മതവികാരം വ്രണപ്പെടുത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us