ഹെസ്‌കോമിൽ 86 കോടിയുടെ അഴിമതി; 20 ജീവനക്കാരെ മന്ത്രി സസ്‌പെൻഡ് ചെയ്തു.

ബെംഗളൂരു : 86 കോടി രൂപയുടെ അഴിമതിക്കേസിൽ ഉൾപ്പെട്ടതിന് ഹൂബ്ലി ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിലെ (ഹെസ്‌കോം) എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെ 20 ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ഏഴ് പേരെ സ്ഥലം മാറ്റുകയും ചെയ്തു.

ബെലഗാവി ജില്ലയിലെ അത്താണി ഡിവിഷനിലെ ഹെസ്‌കോം ഉദ്യോഗസ്ഥർ കോടിക്കണക്കിന് രൂപ കൊള്ളയടിച്ചതായി ആരോപണം ഉയർന്നിരുന്നു. അതുമായി ബന്ധപ്പെട്ട്, 2021 ഓഗസ്റ്റിൽ ഒരു സ്വകാര്യ പരാതി ഫയൽ ചെയ്യുകയും ചെയ്തിരുന്നു. കോംപ്ലക്‌സ് നിർമാണം, ഗംഗാ കല്യാണ, ജലവിതരണം, ഒടിഎം, പ്രധാനമന്ത്രിയുടെ ദീൻ ദയാൽ ഉപാധ്യായ ഗ്രാമജ്യോതി യോജന തുടങ്ങി നിരവധി പദ്ധതികളുടെ ഫണ്ട് ഡിവിഷനിൽ നടപ്പാക്കിയില്ലെന്നും എന്നാൽ ബില്ലുകൾ ക്ലിയർ ചെയ്‌ത് പണം കൊള്ളയടിച്ചതായിട്ടുമാണ് പരാതിയിൽ പറയുന്നത്.

നിയമലംഘനങ്ങളെക്കുറിച്ചുള്ള പരാതി ലഭിച്ചയുടൻ ഹെസ്‌കോം മാനേജിംഗ് ഡയറക്ടർ ഭാരതി ഡി, കേസ് പരിശോധിക്കാൻ ചീഫ് അക്കൗണ്ടന്റുമാർ, ഓഡിറ്റർമാർ, എഞ്ചിനീയർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിക്കുകയായിരുന്നു. തുടർന്ന് “2018 ഓഗസ്റ്റ് മുതൽ 2021 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പരിശോധിക്കാനും ഓഡിറ്റ് ചെയ്യാനും അദ്ദേഹം ടീമിന് നിർദ്ദേശം നൽകുകയും ചെയ്തു.

ഓഡിറ്റിങ്ങിൽ പൂർത്തിയാക്കാത്തതും എടുക്കാത്തതുമായ പ്രവൃത്തികൾക്ക് 86 കോടി രൂപ ബിൽ ചെയ്തതായി കണ്ടെത്തുകയും ചെയ്തു. അതിൽ 1 ഇൻചാർജ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, 4 അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, 12 സെക്ഷൻ ഓഫീസർമാർ, അക്കൗണ്ടന്റുമാർ, മറ്റ് ഏതാനും ഉദ്യോഗസ്ഥർ എന്നിവർ നേരിട്ട് അഴിമതിയിൽ പങ്കാളികളാണെന്നും മറ്റ് ഏഴ് ഉദ്യോഗസ്ഥരും അഴിമതിക്ക് പിന്തുണ നൽകിയതായും കണ്ടെത്തി.

അഴിമതി അന്വേഷിച്ച സംഘം ഹെസ്‌കോം ഓഫീസിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും അതേ റിപ്പോർട്ട് അടുത്തിടെ വൈദ്യുതി മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. റിപ്പോർട്ട് മന്ത്രാലയത്തിന് അയച്ചതോടെ വൈദ്യുതി മന്ത്രി വി സുനിൽകുമാറാണ് 20 ജീവനക്കാരെയും സസ്പെൻഡ് ചെയ്യുകയും മറ്റ് ഏഴ് ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us