കൊച്ചി: കളമശ്ശേരിയിൽ നിന്ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസിയുടെ ഷട്ടിൽ സർവീസ് ശനിയാഴ്ച മുതൽ ആരംഭിച്ചു. വ്യവസായ മന്ത്രി പി രാജീവിനൊപ്പം ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്നാണ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ബസ് പാർക്കിങ് സൗകര്യം ഒരുക്കിയാൽ കളമശേരിയിൽ നിന്ന് സിറ്റി സർക്കുലർ സർവീസ് ആരംഭിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. എച്ച്എംടി ജംഗ്ഷനിൽ കെഎസ്ആർടിസി ഷട്ടിൽ ബസ് സർവീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കെഎസ്ആർടിസിയുടെ ഷട്ടിൽ സർവീസിനായി കളമശേരി മെഡിക്കൽ കോളജ് പിടിഎ ഒരു ലക്ഷം രൂപ സ്‌പോൺസർ ചെയ്‌തതിനാൽ ആദ്യ 10,000 യാത്രക്കാർക്ക് സൗജന്യ യാത്രയുണ്ടാകുമെന്ന് വ്യവസായ മന്ത്രി പറഞ്ഞു. കൂടാതെ വ്യവസായ മന്ത്രിയുടെ ആവശ്യപ്രകാരം കങ്ങരപ്പടി വരെ സർവീസ് നീട്ടിയട്ടുമുണ്ട്. കളമശ്ശേരി നിയമസഭാ മണ്ഡലത്തിലെ ഗതാഗത സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ബസ് സർവീസ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ഇത് പ്രയോജനപ്പെടുമെന്നും ഷട്ടിൽ സർവീസ് രാവിലെ 7 മണിക്ക് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3 വരെ തുടരുമെന്നും മന്ത്രി അറിയിച്ചു.
എച്ച്എംടി ജങ്ഷനിൽ നിന്ന് മെഡിക്കൽ കോളജിലേക്കുള്ള യാത്രയ്ക്ക് 10 രൂപ മാത്രമാണ് ടിക്കറ്റ് തുക. മാഞ്ഞാലിയിൽ നിന്ന് അടുവാശ്ശേരി, തടിക്കടവ്, യുസി കോളേജ്, മാളികംപീടിക, തിരുവള്ളൂർ, പാനായികുളം, ഇടയാർ വഴി കളമശ്ശേരിയിലേക്കുള്ള സർവീസ് ഈ മാസം ആരംഭിക്കുമെന്ന് ചടങ്ങിൽ ആന്റണി രാജു കൂട്ടിച്ചേർത്തു.
.