കോവിഡ് പ്രതിസന്ധിയിൽ രോ​ഗികൾക്ക് സഹായമായി കെ.എം.സി.സി.യുടെ ആംബുലൻസുകൾ

ബെംഗളൂരു: നഗരത്തിൽ കൊറോണ ഭീഷണി വെല്ലുവിളിയായപ്പോൾ രോ​ഗികൾക്ക് സഹായമായി കെ.എം.സി.സി.യുടെ ആംബുലൻസുകൾ. രോഗികളെ ആശുപത്രികളിലേക്കു മാറ്റാനും മൃതദേഹങ്ങൾ കൊണ്ടുപോകാനുമൊക്കെ ആംബുലൻസ് ലഭിക്കുന്നതിന് പ്രയാസം നേരിടുന്ന ഈ സമയത്താണ് കെ.എം.സി.സി.യുടെ ആംബുലൻസ് സേവനം ഏറെ സഹായകമാകുന്നത്.

കഴിഞ്ഞ വർഷവും നഗരത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗം പകർന്ന സാഹചര്യത്തിലും രാജ്യം മുഴുവന്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച അവസ്ഥയിലും മലയാളികളുടെ ആശങ്കയകറ്റാനും സഹായത്തിനുമായി കെ.എം.സി.സി. മുന്നിലുണ്ടായിരുന്നു. അപകടങ്ങളുണ്ടാകുമ്പോൾ ഓടിയെത്തി വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കാൻ കെ.എം.സി.സി. പ്രവർത്തകർ എപ്പോഴും സജീവമായി രംഗത്തുണ്ട്.

ഇപ്പോൾ കോവിഡ് പ്രതിസന്ധി നേരിടാൻ രണ്ട് ആംബുലൻസുകളും പാലിയേറ്റീവ് ഹോം കെയറിന്റെ ഒരു വാഹനവും സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലേക്കുൾപ്പെടെ രോഗികളെയും കൊണ്ട് പോകാൻ ഈ ആംബുലൻസുകൾ തയ്യാറാണ്.

രോഗികളെയുമായി ദിവസവും ഓട്ടം പോകേണ്ടിവരുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ചികിത്സയുടെ ഭാഗമായി പ്ലാസ്മ, രക്തം എന്നിവ ആവശ്യമുള്ള രോഗികൾക്ക് ലഭ്യമാക്കി നൽകാനും കെ.എം.സി.സി. പ്രവർത്തകർ സദാ സന്നദ്ധരാണ്.

ജയനഗർ ഫോർത്ത് ബ്ലോക്കിൽ ഈദ്ഗാഹ് മസ്ജിദ് ഓഡിറ്റോറിയത്തിൽ 45 കിടക്കകളോടെ കോവിഡ് കെയർ സെന്റർ തുറന്നിട്ടുണ്ട്. ഏഴ് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സജ്ജമാക്കി രോഗികൾക്ക് ജീവവായു നൽകാനും സൗകര്യമൊരുക്കി.

മൂന്ന് ഡോക്ടർമാരും പത്ത് നഴ്‌സുമാരും നാല് ശുചീകരണ ജീവനക്കാരും സേവനസന്നദ്ധരായുണ്ട്. ഇതുവരെ മലയാളികളുൾപ്പെടെ 88 രോഗികൾ ഇവിടെനിന്ന് ചികിത്സ കഴിഞ്ഞ് രോഗമുക്തരായി മടങ്ങിയെന്ന് കെ.എം.സി.സി. ഭാരവാഹികൾ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us