കോവിഡ്; നഗരത്തിലെ മലയാളികളുടെ ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിൽ

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് വൻ സാമ്പത്തിക പ്രതിസന്ധിയിലാണ് ഹോട്ടൽ വ്യവസായം. നഗരത്തിൽ ഹോട്ടലുകൾ നടത്തുന്നവരിൽ വലിയൊരു ശതമാനവും മലയാളികളാണ്. കോവിഡിന്റെ ആദ്യഘട്ടത്തിൽനിന്ന് കരകയറുന്നതിന് മുമ്പുതന്നെ രണ്ടാംഘട്ടം വന്നത് ഹോട്ടലുടമകളെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ (ബി.ബി.എച്ച്.എ.) സംസ്ഥാന, കേന്ദ്രസർക്കാരുകൾക്ക് കത്തയച്ചു.

ഹോട്ടലുകളും റെസ്റ്റോറന്റുകളും പബ്ബുകളും അടങ്ങുന്ന സംഘടനയുടെ ഭാരവാഹികൾ കേന്ദ്രധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുനരധിവാസ പാക്കേജ് അനുവദിക്കണമെന്നും ബാങ്ക് വായ്പയുടെ പലിശ ഒഴിവാക്കണമെന്നും, ജി.എസ്.ടി. കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം ഇവർ വസ്തുനികുതി കുറയ്ക്കണമെന്നും വൈദ്യുതി ബിൽ നിശ്ചിത നിരക്കിലാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഹോട്ടൽ വ്യവസായത്തിന് സംഭവിച്ചിരിക്കുന്നത്. ഇതിനോടകം പലഹോട്ടലുകളും പൂട്ടേണ്ടിവന്നു. ഇതോടൊപ്പം ഹോട്ടൽ വ്യവസായവുമായി ബന്ധപ്പെട്ട നൂറുകണക്കിന് തൊഴിലാളികൾക്ക് വരുമാനം ഇല്ലാതായി.

നിലവിൽ ഭക്ഷണം പാഴ്‌സൽ വാങ്ങുന്നതിനും ഓൺലൈൻ ഡെലിവറി നടത്തുന്നതിനും മാത്രമേ അനുമതിയുള്ളൂ. അതിനാൽ വൻ നഷ്ടമാണ് സംഭവിക്കുന്നത്. ലോക്ഡൗൺ ഏർപ്പെടുത്തുന്നതിന് മുമ്പുതന്നെ ഹോട്ടലുകളിൽ നേരിട്ടെത്തി ഭക്ഷണം കഴിക്കുന്നവർ കുറവായിരുന്നു. ഭക്ഷണം പാഴ്‌സൽ നൽകുന്നത് ലാഭകരമല്ലാത്തതിനാൽ മലയാളികളുൾപ്പെടെ പലരും ഹോട്ടലുകൾ അടച്ചിട്ട് നാട്ടിൽ പോയി.

വാടകക്കെട്ടിടങ്ങളിലാണ് മിക്ക ഹോട്ടലുകളും പ്രവർത്തിക്കുന്നത്. അതിനാൽ വാടകയും ജീവനക്കാർക്ക് ശമ്പളവും കൊടുക്കാനുള്ള പണം തികയാത്ത അവസ്ഥയാണ്. ബാങ്കുകളിൽനിന്ന് വായ്പയെടുത്തും മറ്റും ഹോട്ടലുകൾ നടത്തിവന്നവരാണ് കൂടുതൽ പ്രതിസന്ധിയിലായത്. അരലക്ഷം രൂപയ്ക്കു മുകളിൽ ദിവസേന കച്ചവടം ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ അയ്യായിരത്തിൽ താഴെ കച്ചവടം ചെയ്യുന്നവരുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us