ബെംഗളൂരു: നിയന്ത്രണങ്ങൾ കർശനമാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ നഗരമേഖലകളിൽ 200 രൂപയിൽനിന്ന് 1,000 ആക്കി. എന്നാൽ 500 രൂപയാണ് ഗ്രാമീണ മേഖലകളിൽ പുതുക്കിയ പിഴ.
ബി.ബി.എം.പി. നിയോഗിച്ച മാർഷൽമാർക്കും പോലീസുകാർക്കുമാണ് മുഖാവരണങ്ങൾ ധരിക്കാത്തവരിൽനിന്ന് പിഴയീടാക്കാനുള്ള ചുമതല.
കടകളിലും മറ്റു സംസ്ഥാപനങ്ങളിലും സാമൂഹികാകലം പാലിച്ച് നിൽക്കാനുള്ള അടയാളങ്ങൾ വരച്ചിട്ടുണ്ടെങ്കിലും വലിയൊരു വിഭാഗവും ഇതു പാലിക്കാൻ തയ്യാറാകുന്നില്ല.
നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും കടകൾക്കുമെതിരെ നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്. പോലീസിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും.
വിവാഹം ഉൾപ്പെടെയുള്ള പൊതുപരിപാടികൾക്ക് നിലവിൽ 100 പേർക്ക് പങ്കെടുക്കാമെന്നാണ് നിർദേശം. കോവിഡ് വ്യാപനത്തോത് വർധിക്കുകയാണെങ്കിൽ ഇതും നിയന്ത്രിക്കാനാണ് സർക്കാരിന്റെ തീരുമാനം.
രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ച മൂന്നാമത്തെ സംസ്ഥാനമാണ് കർണാടകം. സുരക്ഷാമുൻകരുതലുകളിലുണ്ടായ കുറവ് രോഗം വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായാണ് ചൂണ്ടിക്കാട്ടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.