ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സഞ്ജു സാംസണിനു ശേഷം മലയാളികൾക്ക് അഭിമാനമായി മറ്റൊരു വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കൂടി; ബെംഗളൂരു മലയാളിയായ ദേവ്ദത്ത് പടിക്കല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി ഓപ്പണറായി കളിച്ച ദേവ്ദത്ത് ഗംഭീര പ്രകടനമായിരുന്നു കാഴ്ചവച്ചത്.
ഐപിഎല്ലില്‍ താരത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ട്വന്റി20 അരങ്ങേറ്റങ്ങൾക്കു പിന്നാലെ ഐപിഎൽ അരങ്ങേറ്റത്തിലും അർധസെഞ്ചുറി നേടിയെന്ന റെക്കോർഡും ഇനി പടിക്കലിനു സ്വന്തം.
ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടി കാഴ്ചവച്ചു കൊണ്ടിരുന്ന ശ്രദ്ധേയമായ ബാറ്റിങായിരുന്നു ഇടംകൈയന്‍ ബാറ്റ്സ്മാന് ഐപിഎല്ലിലേക്കു വഴി തുറന്നത്. വിരാട് കോലിയുടെ ടീമിനു വേണ്ടി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കൂടിയായ ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ലഭിച്ച അവസരം ദേവ്ദത്ത് പാഴാക്കിയതുമില്ല.
42 പന്തില്‍ എട്ടു ബൗണ്ടറികളോടെ 56 റണ്‍സ് മലയാളി താരം അടിച്ചെടുത്തു. 36 പന്തില്‍ നിന്നായിരുന്നു ദേവ്ദത്തിന്റെ കന്നി ഫിഫ്റ്റി. ആര്‍സിബിക്കു വേണ്ടി അരങ്ങേറ്റത്തില്‍ ഫിഫ്റ്റി തികച്ച അഞ്ചാമത്തെ താരം കൂടിയാണ് അദ്ദേഹം. 11ാം ഓവറിലായിരുന്നു ദേവ്ദത്തിന്റെ സ്വപ്‌നതുല്യമായ അരങ്ങേറ്റത്തിന് തിരശീല വീണത്.
വിജയ് ശങ്കറിന്റെ ബൗളിങില്‍ താരം ബൗള്‍ഡായി മടങ്ങുകയായിരുന്നു. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ നയിച്ച ഹൈദരാബാദിന്റെ ന്യൂബോള്‍ ആക്രമണത്തെ ഒരു കൂസലുമില്ലാതെയാണ് കന്നി മല്‍സരത്തില്‍ തന്നെ ദേവ്ദത്ത് നേരിട്ടത്. പരിചയസമ്പന്നനായ ഫിഞ്ച് തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചക്കുമെന്നും ഇത് തുടക്കക്കാരനായ ദേവ്ദത്തിനെ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സഹായിക്കുമെന്നായിരുന്നു ഏവരും കരുതിയത്.
എന്നാല്‍ സംഭവിച്ചത് തിരിച്ചായിരുന്നു. ഫിഞ്ച് സ്റ്റാര്‍ട്ടിങ് ട്രെബിള്‍ നേരിട്ടപ്പോള്‍ ദേവ്ദത്ത് തുടക്കത്തില്‍ തന്നെ ടോപ്പ് ഗിയറിലായിരുന്നു. ആര്‍സിബി ഇന്നിങ്‌സിലെ ആദ്യത്തെ പന്ത് നേരിട്ടതും ദേവ്ദത്തായിരുന്നു ഭുവിയുടെ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് നേടാനായതെങ്കിലും സന്ദീപ് ശര്‍മയുടെ രണ്ടാം ഓവറില്‍ രണ്ടു ബൗണ്ടറികളുമായി താരം തന്റെ വരവറിയിച്ചു.
ടി നടരാജനെറിഞ്ഞ നാലാം ഓവറില്‍ മൂന്നു ബൗണ്ടറികളാണ് ദേവ്ദത്തിന്റെ ബാറ്റില്‍ നിന്നും പറന്നത്. 18 കാരനായ ദേവ്ദത്ത് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനായി കളിച്ചിട്ടുണ്ട്. 2018 നവംബറില്‍ മഹാരാഷ്ട്രയ്‌ക്കെതിരേയായിരുന്നു ദേവ്ദത്തിന്റെ രഞ്ജി അരങ്ങേറ്റം. ആദ്യ കളിയില്‍ തന്നെ താരം 77 റണ്‍സ് അടിച്ചെടുത്തു. കഴിഞ്ഞ സീസണിലെ ഐപിഎല്ലിനു മുമ്പായിരുന്നു 20 ലക്ഷം രൂപയ്ക്കു ദേവ്ദത്ത് ആര്‍സിബിയിലെത്തിയത്.
പക്ഷെ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചില്ല. ഈ സീസണിലും ദേവ്ദത്തിനെ ആര്‍സിബി നിലനിര്‍ത്തുകയായിരുന്നു. ക്രിക്കറ്റ് ഭാവികൂടി കണക്കിലെടുത്ത് കുടുംബത്തോടൊപ്പം 2011ലാണ് ദേവ്ദത്ത് ബെംഗളൂരുവിലെത്തിയത്. അച്ഛൻ ബാബുനു നിലമ്പൂർ സ്വദേശിയും അമ്മ അമ്പിളി പടിക്കൽ എടപ്പാൾ സ്വദേശിയുമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.