ഇനി എൻജിനിയറിങ് കോഴ്സുകളിൽ കന്നഡ നിർബന്ധം

ബെംഗളൂരു: വിശ്വേശരയ്യ സാങ്കേതികസർവകലാശാലയ്ക്ക്‌ (വി.ടി.യു.) കീഴിലുള്ള കോളേജുകളിലെ എൻജിനിയറിങ് വിദ്യാർഥികൾക്ക് കന്നഡ പഠനം നിർബന്ധമാക്കി. വി.ടി.യു.വിനുകീഴിൽ 220 കോളേജുകളാണുള്ളത്.

കോഴ്സ് പൂർത്തിയാക്കാൻ വിദ്യാർഥികൾക്ക് ലഭിക്കേണ്ട 175 പോയന്റിൽ ഇനി കന്നഡഭാഷയ്ക്ക് ലഭിക്കുന്ന പോയന്റുകൾകൂടി ഉൾപ്പെടുത്തും. ഒരോ സെമസ്റ്ററിലും കന്നഡയിൽ ലഭിക്കുന്ന പോയന്റുകൾകൂടി പരിഗണിച്ചായിരിക്കും അടുത്ത സെമസ്റ്ററിലേക്കുള്ള പ്രവേശനം.

കന്നഡ വികസന അതോറിറ്റിയുടെ (കെ.ഡി.എ.) നിർദേശപ്രകാരമാണ് വെള്ളിയാഴ്ച സർവകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചത്. 2020-’21 അധ്യയനവർഷത്തിൽ കന്നഡകൂടി ഉൾപ്പെടുത്തി കോഴ്സ് ക്രമീകരിക്കാനാണ് കോളേജുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

സർക്കാർ എൻജിനിയറിങ് കോളേജുകളിൽമാത്രം കന്നഡപഠനം നിർബന്ധമാക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് സ്വകാര്യ കോളേജുകൾക്കും കന്നഡപഠനം ബാധകമാണ്.

നാലുവർഷം സംസ്ഥാനത്തുപഠിക്കുന്ന ഇതരസംസ്ഥാനവിദ്യാർഥികൾക്ക് കന്നഡപഠനം ഏറെ ഗുണകരമാകുമെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ. പഠനത്തിനുശേഷം കർണാടകത്തിൽ ജോലിചെയ്യുന്നവർക്കും ഭാഷാപഠനം നേട്ടമാകും എന്ന് വിലയിരുത്തുന്നു.

ബി.ഇ., ബി.ടെക്., ബി.പ്ലാനിങ്, ബി. ആർക്. തുടങ്ങിയ കോഴ്സുകൾക്കെല്ലാം കന്നഡയും ഇനിമുതൽ വിഷയമാകും. മലയാളികൾ ഉൾപ്പെടെ മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള ഒട്ടേറെ വിദ്യാർഥികൾ വി.ടി.യു.വിനുകീഴിലുള്ള കോളേജുകളിൽ പഠിക്കുന്നുണ്ട്. ഇവരും ആദ്യ സെമസ്റ്റർ മുതൽ കന്നഡ പഠിക്കേണ്ട സാഹചര്യമാണ്‌ വരുന്നത്.

രണ്ടുതരം പാഠപുസ്തകങ്ങളാണ് കന്നഡപഠനത്തിനുവേണ്ടി തയ്യാറാക്കുക. കന്നഡ അറിയുന്നവർക്കുള്ള പാഠപുസ്തകത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കുവേണ്ടിയുള്ള പ്രാഥമികപാഠങ്ങൾ ഉൾപ്പെടുത്തിയ പുസ്തകവുമുണ്ടാകും. ഒരാഴ്ചയ്ക്കുള്ളിൽ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ആഴ്ചയിൽ നാലുമണിക്കൂർവീതമാണ് കന്നഡ ക്ലാസുകളുണ്ടാകുക. ഇതിനായി കന്നഡ അധ്യാപകരെ നിയമിക്കുന്ന നടപടികൾ തുടങ്ങിക്കഴിഞ്ഞതായും സർവകലാശാല അറിയിച്ചു.

വരുംവർഷങ്ങളിൽ കൂടുതൽ സെമസ്റ്ററുകളിൽ കന്നഡ പഠിപ്പിക്കേണ്ടിവരുമ്പോൾ മുഴുവൻ കോളേജുകളിലും കന്നഡ വകുപ്പ് തുടങ്ങാനുള്ള പദ്ധതിയും സർവകലാശാല ആലോചിച്ചുവരുകയാണ്.

അതേസമയം, നിലവിലുള്ള വിഷയങ്ങൾക്കുപുറമേ കന്നഡകൂടിയാവുമ്പോൾ പഠനഭാരം വർധിപ്പിക്കുമെന്ന ആശങ്കയും വിദ്യാർഥികൾ പങ്കുവെക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us