ബെംഗളൂരു: സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകി സിഗരറ്റും പാൻ മാസാലയും വീട്ടിലെത്തിച്ച് കച്ചവടം നടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ.
റിച്ച്മണ്ട് റോഡ് സ്വദേശി അക്തർ മിർസ (28), ശാന്തിനഗർ സ്വദേശി തസ്ബുദ്ദീൻ മൊഹിയുദ്ദീൻ (32) എന്നിവരാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
ഇവർ സഞ്ചരിച്ച കാറും 450 പാക്കറ്റ് സിഗരറ്റും 30,000 രൂപ വിലമതിക്കുന്ന പാൻമസാല പാക്കറ്റുകളും പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്തൂർബ റോഡിൽ നിന്നാണ് പിടികൂടിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ ഉൾപ്പെടെ പരസ്യം നൽകിയാണ് ഇവർ കച്ചവടം നടത്തിവന്നിരുന്നത്.
വിളിക്കുന്നവർക്ക് ഇവ വീട്ടിലെത്തിച്ച് നൽകുകയായിരുന്നു.
സാധാരണ വിലയെക്കാൾ എട്ടിരട്ടിവരെയാണ് ഇവർ സിഗരറ്റിനും പാൻ മസാലകൾക്കും ഈടാക്കിയിരുന്നത്.
വിദേശ ബ്രാൻഡുകൾ അടക്കം ഒട്ടേറെ ഇനം സിഗരറ്റുകൾ ഇവർ എത്തിച്ചു നൽകിയിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ചില മൊത്തവിതരണക്കടകൾ രഹസ്യമായി തുറപ്പിച്ചാണ് ഇവർ ലഹരിവസ്തുക്കൾ സംഘടിപ്പിച്ചിരുന്നത്.
ഇവരുടെ സംഘത്തിൽ എട്ടോളം പേരാണുള്ളതെന്ന് പോലീസ് പറഞ്ഞു.
മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
മദ്യവും മയക്കുമരുന്നുകളും വീട്ടിലെത്തിച്ചു നൽകിവന്ന ഒട്ടേറെ സംഘങ്ങളെയാണ് പോലീസ് രണ്ടാഴ്ചയ്ക്കുള്ളിൽ പിടികൂടിയത്.
അവശ്യസാധനങ്ങൾ കൊണ്ടുപോകാൻ ലഭിക്കുന്ന പാസിന്റെ മറവിലാണ് ഭൂരിഭാഗം കള്ളക്കടത്തും.
സംഭവങ്ങൾ വർധിക്കുന്നതിനാൽ മുഴുവൻ വാഹനങ്ങളും കർശന പരിശോധനയ്ക്ക് വിധേയമാക്കുകയാണ് പോലീസ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.